പാലാ: 2011 ന് ശേഷം റബർ വില 236ൽ നിന്നും 136 ലേക്ക് വിലയിടിച്ച് ടയർ കമ്പനികളുടെ നിയമവിരുദ്ധ നടപടി മൂലം റബർ കർഷകർക്ക് ഉണ്ടായ നഷ്ടം കമ്പനികളിൽ നിന്നും ഈടാക്കാൻ സുപ്രീംകോടതി വരെ സമ്മതിച്ച 1788 കോടി രൂപ ഏതെങ്കിലും രൂപത്തിൽ റബർ കർഷകർക്ക് നഷ്ടപരിഹാരമായി വാങ്ങി നൽകാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റും എൽഡിഎഫ് കോട്ടയം ജില്ലാ കൺവീനറുമായ പ്രൊഫ.ലോപ്പസ് മാത്യു ആവശ്യപ്പെട്ടു.
സംയുക്ത കർഷകസമിതി ഡിസംബർ മുപ്പതാം തീയതി ടയർ കമ്പനികളിലേക്ക് നടത്തുന്ന സമരത്തിന്റെ പ്രചാരണാർത്ഥമുള്ള ജീപ്പ് ജാഥ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 12 വർഷമായി റബർ കർഷകരും റബർ കൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികളും ചെറുകിട റബർ കച്ചവടക്കാരും അവരുടെ ജീവിതം വഴിമുട്ടുന്ന പ്രതിസന്ധിയിലാണ്. ഈ വിഷയത്തിൽ റബ്ബർ ബോർഡിന്റെ ഉടമകൂടിയായ കേന്ദ്രസർക്കാർ കോർപ്പറേറ്റ് പ്രീണന നയം ഉപേക്ഷിച്ച് റബർ മേഖലയെ സഹായിക്കാൻ തയ്യാറാവണം.
കേരളത്തിന്റെ സമ്പദ്ഘടനയെ സാരമായി ബാധിച്ചിരിക്കുന്ന ഈ വിഷയത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണം. സംസ്ഥാന സർക്കാർ ഇപ്പോൾ നൽകുന്ന റബർ താങ്ങു വില 300 രൂപയായി വർദ്ധിപ്പിക്കുവാൻ കേന്ദ്ര സഹായം ഉണ്ടാവണം. ഈ വിഷയത്തിൽ സന്ധിയില്ലാ സമരം ചെയ്യുവാൻ കർഷകരും തൊഴിലാളികളും തയ്യാറാവുകയാണെന്ന് ലോപ്പസ് മാത്യു പറഞ്ഞു.
കർഷകസംഘം ജില്ലാ സെക്രട്ടറി കെ.എം രാധാകൃഷ്ണൻ നയിക്കുന്ന ജാഥ പ്രവിത്താനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുര്യാക്കോസ് ജോസഫ് അധ്യക്ഷത വഹിച്ചു. നിർമ്മല ജിമ്മി, രാജേഷ് വാളിപ്ലാക്കൽ, സി എം സിറിയക്, ടോമി ഉപ്പിടുപാറ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ആനന്ദ് ചെറുവള്ളി, പി എസ് സുനിൽ, സജിൻ വട്ടപ്പള്ളി, ടി ആർ ശിവദാസ്, സോണി മൈക്കിൾ, ജോസുകുട്ടി അമ്പലമറ്റത്തിൽ, സുധാ ഷാജി, തോമസ്കുട്ടി വരിക്കയിൽ എന്നിവർ പ്രസംഗിച്ചു.