പ്രവിത്താനം: ഭിന്നശേഷി മാസാചരണത്തിൻ്റെ ഭാഗമായി പാലാ ബി.ആർ.സി യുടെയും പ്രവിത്താനം സെന്റ്.മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഫ്ലാഷ് മോബ്, വിദ്യാർത്ഥികൾക്കായി മോട്ടിവേഷണൽ സ്പീച്ച് എന്നിവ സംഘടിപ്പിച്ചു.
പ്രവിത്താനം ചർച്ച് ജംഗ്ഷനിൽ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം പെണ്ണമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഗവൺമെൻറ് സ്വീകരിക്കുന്ന നടപടികൾക്ക് പ്രോത്സാഹനമാണ് ഇത്തരം പരിപാടികൾ എന്ന് അവർ അഭിപ്രായപ്പെട്ടു.
തുടങ്ങനാട് അപ്പൂസ് ഫുഡ്സ് പ്രോപ്പറേറ്റർ ജാസ്മിൻ അജി കുട്ടികൾക്കായി മോട്ടിവേഷണൽ ക്ലാസ് നയിച്ചു. ഭിന്നശേഷിക്കാരൻ ആയ ഒരു മകൻറെ അമ്മ എന്ന നിലയിലും, ഇരുകണ്ണുകൾക്കും കാഴ്ച നഷ്ടപ്പെട്ട ഒരു സ്ത്രീ എന്ന നിലയിലും അവർ നേരിട്ട പ്രതിസന്ധികളും അവയോട് പൊരുതി ഒരു മികച്ച സംരംഭകയായി മാറിയ പാഠങ്ങളും അവർ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് മെമ്പർ ജെസ്സി ജോസ്, സ്കൂൾ ഹെഡ്മാസ്റ്റർ അജി വി.ജെ, എം.പി.ടി.എ പ്രസിഡൻറ് ജാൻസി ജോസഫ്, ജിസ്‌മി ജോണി തുടങ്ങിയവർ സംസാരിച്ചു.