പാലാ: നഗരസഭയുടെ ഉടമസ്ഥതയിൽ കിഴതടിയൂരിൽ പ്രവൃത്തിച്ച് വന്നിരുന്ന വർക്കിംഗ് വുമൻസ് ഹോസ്റ്റൽ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള നവീകരണ നടപടികൾക്ക് തുടക്കമായി. പഴയ പ്രൗഡിയിലേയ്ക്ക് തിരിച്ചുകൊണ്ടുവന്ന് വനിതാ ജീവനക്കാർക്ക് പ്രയോജനപ്പെടുത്തുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോ പറഞ്ഞു.
പാലാ നഗരസഭാ മേഖലയിലും പ്രാന്തപ്രദേശങ്ങളിലും ജോലി ചെയ്ത് വന്നിരുന്ന വനിതകൾക്കും വിവിധ ആവശ്യങ്ങൾക്കായി പാലായിൽ എത്തിച്ചേരുന്ന വനിതകൾക്കും കുറഞ്ഞ ചെലവിൽ താമസിക്കാനുള്ള ഒരു സുരക്ഷിത കേന്ദ്രമായിരുന്നു മുൻപ് ഈ വർക്കിംഗ് വുമൻസ് ഹോസ്റ്റൽ. സിസ്റ്റേഴ്സിൻ്റെ നേത്യത്തിലാണ് ഇത് പ്രവർത്തിച്ച് വന്നിരുന്നത്. എന്നാൽ നടത്തിപ്പുകാരായിരുന്ന സിസ്റ്റേഴ്സ് പിന്മാറിയതിനു ശേഷം വർഷങ്ങളായി അടഞ്ഞ് കിടക്കുകയായിരുന്നു. ഇത് മൂലം പരിമിത വരുമാനക്കാരായ വനിതാ ജീവനക്കാർക്കും പാലായിലെ വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക് എത്തുന്ന വനിതകൾക്കും വലിയ തുക മുടക്കി സ്വകാര്യ ഹോം സ്റ്റേകളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു.
വർഷങ്ങളായി പ്രവർത്തനരഹിതമായി കിടന്നിരുന്നതിനാൽ വിശാലമായ മൂന്നു നില കെട്ടിടം നശിച്ച് കൊണ്ടിരിക്കുന്ന സാഹചര്യമായിരുന്നു. അറ്റകുറ്റപണികൾ നടത്തി നവീകരിക്കുന്നതിന് 15 ലക്ഷം രൂപ ഈ വർഷത്തെ നഗരസഭാ പ്രൊജക്ടിൽ അനുവദിച്ച് ടെൻഡർ ചെയ്തിരിക്കുന്നതെന്ന് ചെയർപേഴ്സൺ അറിയിച്ചു. നവീകരണ പ്രവർത്തികൾ ആരംഭിച്ചു കഴിഞ്ഞു.
വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാവിയോ കാവുകാട്ട്, ബിന്ദു മനു, ഷാജു തുരുത്തൻ, മായാ പ്രദീപ്, ബിജി ജോജോ, മുൻ ചെയർമാൻ ആന്റോ പടിഞ്ഞാറെക്കര എന്നിവർ പുനരുദ്ധാരണ ജോലികൾ വിലയിരുത്തി. ഇപ്പോൾ നടന്നുവരുന്ന പണികൾ പൂർത്തികരിച്ച് കഴിഞ്ഞാലുടൻ വർക്കിംഗ് വുമൻസ് ഹോസ്റ്റൽ പ്രവർത്തനം പുനരാംരഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതാണെന്ന് ചെയർപേഴ്സൺ ജോസിൻ ബിനോ അറിയിച്ചു.
മീനച്ചിൽ താലൂക്കിലെ ഏക വനിതാ ഹോസ്റ്റൽ നവീകരിച്ച് വീണ്ടും തുറന്നുകൊടുക്കുവാനുള്ള നഗരസഭാ നടപടിയെ കേരള വനിതാ കോൺഗ്രസ് (എം) അദ്ധ്യക്ഷയും വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് കമ്മിറ്റി അംഗവുമായ പെണ്ണമ്മ ജോസഫ് സ്വാഗതം ചെയ്തു. നിരവധി സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും ഉള്ള പാലായിൽ വനിതകൾക്ക് സഹായകരമായ വിധം സുരക്ഷിത താമസ സൗകര്യം ഉറപ്പാക്കുവാൻ ഉതകുന്ന നടപടി സ്വീകരിച്ച നഗരസഭാധികൃതരുടെ നടപടിയെ കേരള എൻ.ജി.ഒ ഫ്രണ്ട് പ്രസിഡണ്ട് ഷൈജു വി കുര്യനും അഭിനന്ദിച്ചു.