ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ്, വൈസ് പ്രസിഡന്‍റ് കുര്യന്‍ നെല്ലുവേലില്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല.ആര്‍ അദ്ധ്യക്ഷത വഹിച്ചു. 30 കോടി 38 ലക്ഷം രൂപ വരവും 30 കോടി 29 ലക്ഷം രൂപ ചെലവും 8 ലക്ഷത്തി 90 ആയിരം രൂപ മിച്ചവും ഉള്ള ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്.
ഇടമറുക് ഹോസ്പിറ്റലിനോടനുബന്ധിച്ച് ഐ.പി തുടങ്ങുന്നതിന് ആദ്യഗഡുവായി 10 ലക്ഷം രൂപയും ഇടമറുക് ഹോസ്പിറ്റലിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 46 ലക്ഷം രൂപയും അനുവദിച്ചു. പാര്‍പ്പിടമേഖലയ്ക്കായി 2 കോടി 10 ലക്ഷം രൂപയും വകയിരുത്തി. കാര്‍ഷിക മേഖലയില്‍ ഗ്രൂപ്പ് ഫാമിങ്ങിന് 8 ലക്ഷം രൂപയും, പാല്‍ ഉല്പാദനവും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കുന്നതില്‍ 10 ലകഷംരൂപ വകയിരുത്തി കാലിത്തീറ്റ സബ്സിഡിയായി 5 ലക്ഷം രൂപയും കാര്‍ഷിക മേഖലയില്‍ ജലസേചന പദ്ധതികള്‍ക്കായി 27.35 ലക്ഷം രൂപയും വകയിരുത്തി.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുവാന്‍ 15 ലക്ഷം രൂപയും ഭിന്നശേഷിക്കാരും ഇരുപ്പുരോഗികള്‍ക്കും വീല്‍ചെയര്‍ വാങ്ങുവാന്‍ 8 ലക്ഷം രൂപയും വകയിരുത്തി. അതിദരിദ്രരുടെ ജീവിതനിലവാരം ഉയര്‍ത്തുവാന്‍ നിത്യചെലവിനും പോഷകാഹാര വിതരണത്തിനുവേണ്ടി 10 ലക്ഷം രൂപയും മാറ്റിവച്ചു. ശുചിത്വമേഖലയില്‍ ടേക് എ ബ്രേക് പദ്ധതിയ്ക്ക് 15 ലക്ഷം രൂപയും എം.ജി.എന്‍.ആര്‍.ഇ.ജി.എസ് വഴി ഉറവിട മാലിന്യ സംസ്കരണപ്ലാന്റ് സബിസിഡിയോടുകൂടി വിതരണം ചെയ്യുവാന്‍ 1 കോടി 60 ലക്ഷം രൂപയുടെയും പദ്ദതി വിഭാവനം ചെയ്തു. ദുരന്തനിവാരണ ബോധവത്കരണത്തിന് 1 ലക്ഷം രൂപയും പ്രകൃതി ക്ഷോഭം മൂലം ഉണ്ടാകുന്ന ദുരിതബാധിതരെ സഹായിക്കുവാന്‍ 8 ലക്ഷം രൂപയും മാറ്റിവച്ചു.
കലാലയങ്ങളില്‍ ലഹരിവിരുദ്ധ ബോധവത്കരണത്തിന് 3 ലക്ഷം രൂപയും ടൂറിസ്റ്റ് മേഖലയില്‍ സോളാര്‍ലൈറ്റ് സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപയും മാറ്റിവച്ചു. ഗ്രന്ഥശാലകള്‍ വഴി പുസ്തകങ്ങള്‍ വാങ്ങി നല്കുന്നതിന് 8 ലക്ഷം രൂപയും കുടിവെള്ള പദ്ധതികള്‍ക്ക് 40 ലക്ഷം രൂപയും വകയിരുത്തി. റോഡുകള്‍ക്കും വെയിറ്റിംഗ് ഷെഡ് ടാറിംഗ് എന്നിവയ്ക്ക് 1 കോടി 21 ലക്ഷം രൂപയും മാറ്റിവച്ചു.
ബഡ്ജറ്റ് അവതരണത്തിനു ശേഷം ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍മാരായ മറിയാമ്മ ഫെര്‍ണാണ്ടസ്, മേഴ്സി മാത്യു ചെയര്‍മാന്‍ അജിത് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജോസഫ് ജോര്‍ജ്ജ്, ഓമന ഗോപാലന്‍, ബിന്ദു സെബാസ്റ്റ്യന്‍, കെ.കെ.കുഞ്ഞുമോന്‍, രമ മോഹന്‍, അക്ഷയ് ഹരി, ജെറ്റോ ജോസ്, മിനി സാവിയോ, സാമൂഹ്യ പ്രവര്‍ത്തകര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.