മകരജ്യോതി ദർശനത്തിനായി ശബരിമല സന്നിധാനവും പരിസരവും ഒരുങ്ങി. തിരുവാഭരണ ഘോഷയാത്ര വൈകുന്നേരം ആറ് മണിയോടെ സന്നിധാനത്ത് എത്തും. തുടർന്ന് ദീപാരാധാനയും പൊന്നമ്പലമേട്ടിൽ വിളക്കും തെളിയും. മകരജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും പതിനായിരക്കണക്കിന് തീർഥാടകരാണ് ഒഴുകിയെത്തുന്നത്. ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്.
ഒന്നര ലക്ഷത്തിലധികം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് മാത്രമുണ്ടാകുമെന്നാണ് കരുതുന്നത്. പത്ത് വ്യൂ പോയിന്റുകളാണ് മകരജ്യോതി ദർശനത്തിനായുള്ളത്. ശബരിമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന പുല്ലുമേട്ടിലും ഒരുക്കങ്ങൾ പൂർത്തിയായി. പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും ദർശനത്തിനുള്ള സൗകര്യമുണ്ട്.
1400 പോലീസുകാരെയാണ് ജില്ലയിൽ വിവിധ ഭാഗത്തായി സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. പുല്ലുമേട് അടക്കമുള്ള സ്ഥലങ്ങളിൽ ഡ്രോൺ നിരീക്ഷണവുമുണ്ടാകും. മകരവിളക്ക് കണ്ട ശേഷം സന്നിധാനത്തേക്ക് പോകാൻ ഭക്തരെ അനുവദിക്കില്ല.