Hot Posts

6/recent/ticker-posts

മാർ റാഫേൽ തട്ടിൽ ഇനി സിറോ മലബാർ സഭയുടെ നാഥൻ; കാക്കനാട്ടെ ലളിതമായ ചടങ്ങിൽ സ്ഥാനമേറ്റു



കൊച്ചി: സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് ആയി മാർ റാഫേൽ തട്ടിൽ (67) സ്ഥാനമേറ്റു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച ലളിതമായ ചടങ്ങിലാണ് മാർ റാഫേൽ തട്ടിൽ ചുമതലയേറ്റത്. സിറോ മലബാർ സഭാ അഡ്മിനിസ്ട്രേറ്റർ കൂടിയായ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മുഖ്യ കാർമികനായിരുന്നു. മെത്രാൻമാരും രൂപതാ പ്രതിനിധികളും സന്യാസ സഭാ സുപ്പീരിയർമാരും ഉൾപ്പെടെ ചെറിയൊരു സദസ് മാത്രമാണ് സ്ഥാനാരോഹണച്ചടങ്ങിനു സാക്ഷ്യം വഹിച്ചത്. 

ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ് ലിയോപോൾ ജിറെല്ലി, ഗോവയുടെയും ഡാമന്‍റെയും മെത്രാപ്പൊലീത്തയും ഈസ്റ്റ് ഇന്‍ഡീസ് പാത്രിയര്‍ക്കീസുമായ കർദിനാൾ ഡോ. ഫിലിപ് നെരി അന്‍റോണിയോ സെബാസ്റ്റ്യാവോ ഡോ റൊസാരിയോ ഫെറാവോ, മേജർ ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷനും മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കണ്ണൂർ ബിഷപ് ഡോ.അലക്‌സ് വടക്കുംതല തുടങ്ങിയവരും പങ്കെടുത്തു.



മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഡിസംബർ 7നു സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് സിനഡ് ചേർന്ന് അദ്ദേഹത്തിന്റെ പിൻഗാമിയായി മാർ റാഫേൽ തട്ടിലിനെ തിരഞ്ഞെടുത്തത്. മാർപാപ്പയുടെ അംഗീകാരത്തോടെ തീരുമാനം വത്തിക്കാനിലും സഭാ ആസ്ഥാനത്തും ഒരേസമയം പ്രഖ്യാപിക്കുകയായിരുന്നു. സിറോ മലബാർ സഭയുടെ നാലാമതു മേജർ ആർച്ച്ബിഷപ്പാണ് മാർ തട്ടിൽ; മാർ ആലഞ്ചേരിക്കു ശേഷം സഭാ സിനഡ് തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ മേജർ ആർച്ച് ബഷപ്പും. കർദിനാൾ മാർ ആന്റണി പടിയറയെയും കർദിനാൾ മാർ വർക്കി വിതയത്തിലിനെയും മാർപാപ്പ നേരിട്ടു നിയമിക്കുകയായിരുന്നു.


തൃശൂർ അതിരൂപതയിൽ വ്യാകുലമാതാവിന്റെ ബസിലിക്കയിൽ (പുത്തൻപള്ളി) തട്ടിൽ ഔസേഫ്– ത്രേസ്യാ ദമ്പതികളുടെ 10 മക്കളിൽ ഇളയവനായി 1956 ഏപ്രിൽ 21നാണു മാർ തട്ടിലിന്റെ ജനനം. 1980 ഡിസംബർ 21 നു പുരോഹിതനായി. തൃശൂർ അതിരൂപതയിൽ വൈസ് ചാൻസലർ, ചാൻസലർ, ജുഡീഷ്യൽ വികാരി, ജഡ്ജി, പ്രോട്ടോ സിഞ്ചെല്ലൂസ്, മേരിമാതാ സെമിനാരി റെക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

2010 ഏപ്രിൽ 10 നു തൃശൂർ അതിരൂപതയിൽ സഹായ മെത്രാനായി. 2014 ൽ സിറോ മലബാർ സഭയുടെ അധികാര പരിധിക്കു പുറത്തുള്ള സിറോ മലബാർ വിശ്വാസികളുടെ അപ്പോസ്തലിക് വിസിറ്റേറ്ററായി. 2017 ഒക്ടോബർ 10 ന് തെലങ്കാനയിലെ ഷംഷാബാദ് ആസ്ഥാനമായുള്ള രൂപതയുടെ പ്രഥമ മെത്രാനായി.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു