കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യഞ്ജത്തിന്റെ ഭാഗമായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി പറഞ്ഞു. കളക്‌ട്രേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ജില്ലയിൽ മൊത്തം 15,69,463 വോട്ടർമാരാണുള്ളത്. ഇതിൽ 8,07,513 സ്ത്രീകളും 7,61,938 പുരുഷൻമാരും 12 ട്രാൻസ്‌ജെൻഡറും ഉൾപ്പെടുന്നു.
പുതിയ വോട്ടർമാർ 26715 പേർ, 51,830 പേർ മുതിർന്ന വോട്ടർമാരാണ്. 14,750 ഭിന്നശേഷി വോട്ടർമാരുണ്ട്. പ്രവാസി വോട്ടർമാർ 1517 പേരാണ്. 31854 പേരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റിടങ്ങളിൽനിന്ന് 2328 പേർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേക്ക് പേര് മാറ്റിയിട്ടുണ്ട്. ഏറ്റവുമധികം വോട്ടർമാരുള്ളത് പൂഞ്ഞാർ നിയമസഭ മണ്ഡലത്തിലാണ്, 1,86,232 പേർ. കുറവ് വൈക്കത്താണ് 1,60,813 പേർ.
വോട്ടർമാരുടെ എണ്ണം നിയമസഭാ മണ്ഡലം തിരിച്ച്
പുതുപ്പള്ളി-1,76,534
പൂഞ്ഞാർ-1,86,232
ചങ്ങനാശേരി-1,69,002
പാലാ-1,82,825
കാഞ്ഞിരപ്പള്ളി-1,83,440
കടുത്തുരുത്തി-1,84,603
കോട്ടയം-1,60,862
ഏറ്റുമാനൂർ-1,65,152
വൈക്കം-1,60,813
പുതിയ വോട്ടർമാർ നിയമസഭാ മണ്ഡലം തിരിച്ച്
പുതുപ്പള്ളി-6320
പൂഞ്ഞാർ-3004
ചങ്ങനാശേരി-2905
പാലാ-2810
കാഞ്ഞിരപ്പള്ളി-2674
കടുത്തുരുത്തി-2669
കോട്ടയം-2247
ഏറ്റുമാനൂർ-2130
വൈക്കം-1956
അന്തിമ വോട്ടർപട്ടിക വില്ലേജ്, താലൂക്ക് ഓഫീസുകളിലും വെബ്‌സൈറ്റിലും ലഭിക്കും. അംഗീകൃത രാഷ്ട്രീയ കക്ഷി പ്രതിനിധികൾക്ക് പട്ടികയുടെ പകർപ്പ് തഹസിൽദാരിൽനിന്ന് വാങ്ങാം. പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തീയതി വരെ വോട്ടർപട്ടികയിൽ പേരുചേർക്കാമെന്നും തിരുത്തലുകൾ വരുത്താമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രവും വി.വി. പാറ്റ് മെഷീനും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള വോട്ടുവണ്ടിയുടെ പര്യടനം ജില്ലയിൽ ആരംഭിച്ചു. കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി ഉദ്ഘാടനം നിർവഹിച്ചു.
ദേശീയ സമ്മതിദാനദിനമായ ജനുവരി 25ന് കോട്ടയം സി.എം.എസ്. കോളജിൽ ജില്ലാതലദിനാഘോഷം നടക്കും. ഏറ്റവും കൂടുതൽ ഇ-റോൾ എൺറോൾമെന്റ് നടത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരങ്ങളും സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്യും. പുതിയ വോട്ടർമാരെ ആദരിക്കും. സ്വീപ്പ് ജില്ലാ ഐക്കൺ ശ്രുതി സിത്താര സമ്മതിദായകദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ എം.എച്ച്.ഹരീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ.അരുൺ കുമാർ എന്നിവർ പങ്കെടുത്തു.