തെള്ളകം: എല്ലാ ഗ്രാമീണ വീടുകളിലും ഗുണനിലവാരമുള്ള കുടിവെള്ള ലഭ്യത പൈപ്പു കണക്‌ഷനിലൂടെ ഉറപ്പു വരുത്താൻ ജൽ ജീവൻ മിഷൻ പദ്ധതികളിലൂടെ സാധിക്കുമെന്ന് കേരള വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ ഷാജി പാമ്പൂരി അഭിപ്രായപ്പെട്ടു. പദ്ധതിയുടെ നിർവ്വഹണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഗ്രാമ പഞ്ചായത്തു ഭരണ സമിതികൾക്കാവണമെന്നും ആസൂത്രണ ഘട്ടം മുതൽ നിർവ്വഹണാന്തര തുടർ നടത്തിപ്പിലുടനീളം ജനപങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജൽ ജീവൻ മിഷൻ നിർവ്വഹണ സഹായ പ്രവർത്തനങ്ങളുടെ ഭാഗമായി കടുത്തുരുത്തി, പള്ളം ബ്ലോക്കുകളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നിർവ്വഹണ സഹായ ഏജൻസി ടീം അംഗങ്ങൾക്കുമായി അങ്കമാലി അന്ത്യോദയ സംഘടിപ്പിച്ച ലെവൽ ത്രി കെ.ആർ.സി ചതുർദിന റസിഡൻഷ്യൽ ട്രെയിനിങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തെള്ളകം ചൈതന്യാ പാസ്റ്ററൽ സെന്ററിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ അന്ത്യോദയ പ്രോജക്ട് ഡയറക്ടർ വി.കെ.ഗോവിന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. വാട്ടർ അതോറിറ്റി റിട്ടയേഡ് ചീഫ് എഞ്ചിനീയർ രതീഷ്.എസ്, പഞ്ചായത്തു പ്രസിഡന്റുമാരായ കോമളവല്ലി രവീന്ദ്രൻ (മാഞ്ഞൂർ), ശ്രീകല ദിലീപ് (ഞീഴൂർ), ഷാജിമോൾ.എൻ (തലയോല പറമ്പ്), അന്ത്യോദയ എക്സിക്യൂട്ടീവ് ഡയറക്ടർ പീറ്റർ തെറ്റയിൽ, പ്രോഗ്രാം ഓഫീസർമാരായ റോജിൻ സ്കറിയ, അനൂപ് കുര്യൻ, ഐ.എസ്.എ പ്ലാറ്റ്ഫോം ജില്ലാ സെക്രട്ടറി പി.കെ.കുമാരൻ, കുടുംബശ്രീ മിഷൻ ജെ.ജെ.എം കോർഡിനേറ്റർ ഡോ.ജയ്സൺ ആലപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
ക്ലാസ്സുകൾക്ക് റിട്ട ചീഫ് എഞ്ചിനീയർ എസ്.രതീഷ്, ഐ.എസ്.എ. പ്ലാറ്റ്ഫോം സംസ്ഥാന വൈസ് ചെയർമാൻ ഡാന്റീസ് കൂനാനിക്കൽ, റിട്ട.എക്സി. എഞ്ചിനീയർ വി.കെ.ഗോവിന്ദകുമാർ, റോജിൻ സ്കറിയ, അനൂപ് ജോൺ തുടങ്ങിയവർ നേതൃത്വം കൊടുത്തു. പന്ത്രണ്ടു ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ള പ്രതിനിധികൾക്കാണ് പരിശീലന പരിപാടി നടക്കുന്നത്. നാളെ നടക്കുന്ന ക്ലാസ്സുകൾക്ക് റിട്ട.എക്സി. എഞ്ചിനീയർ പി.കെ.ഡേവിസ്, ക്വാളിറ്റി മാനേജർ വിനോദ് കുമാർ, പ്രൊഫ.ജിജോ കുരുവിള തുടങ്ങിയവർ നേതൃത്വം കൊടുക്കും.