കോട്ടയം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കു നൽകുന്ന സ്വർണക്കപ്പിന് അക്ഷരനഗരിയിൽ ആവേശകരമായ വരവേൽപ്പ്. 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവവേദിയായ കൊല്ലത്തേക്കുള്ള ഘോഷയാത്രയ്ക്കാണ് കോട്ടയം ജില്ലയിൽ സ്വീകരണം നൽകിയത്.
കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ എത്തിയ സ്വർണക്കപ്പ് ഘോഷയാത്രയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജില്ല സ്വീകരിച്ചു. പരീക്ഷാഭവൻ ജോയിന്റ് കമ്മീഷണർ ഡോ.ഗിരീഷ് ചോലയിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു സ്വർണക്കപ്പ് ഏറ്റുവാങ്ങി.
എൽ.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. ഗിരിജ, വിദ്യാകിരണം ജില്ലാകോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ് എന്നിവർ കപ്പിൽ ഹാരമണിയിച്ചു.
പരീക്ഷഭവൻ ജോയിന്റ് കമ്മീഷണർ ഡോ.ഗിരീഷ് ചോലയിൽ അധ്യക്ഷത വഹിച്ചു. 117.5 പവൻ വരുന്ന സ്വർണക്കപ്പ് തൊടുപുഴ ട്രഷറിയിൽ നിന്ന് രാവിലെ ഒമ്പതിനാണ് കോട്ടയത്ത് എത്തിച്ചത്. തുടർന്ന് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ വൈകിട്ട് ഘോഷയാത്ര കൊല്ലത്തെത്തും. സ്‌കൂൾ കലോത്സവത്തിന് വ്യാഴാഴ്ച (ജനുവരി 4) കൊല്ലത്ത് തുടക്കമാകും. ജനുവരി നാലു മുതൽ എട്ടുവരെയാണ് കലോത്സവം.
ജല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ.ഗിരിജ, വിദ്യാകിരണം ജില്ലാകോ-ഓർഡിനേറ്റർ കെ.ജെ.പ്രസാദ്, കോട്ടയം ഈസ്റ്റ് എ.ഇ.ഒ: അനിൽ തോമസ്, കോട്ടയം വെസ്റ്റ് എ.ഇ.ഒ: പി.എസ്.ബിന്ദു, എസ്.എസ്.കെ.ബ്‌ളോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ സാജൻ എസ്. നായർ, ബേക്കർ കോമ്പൗണ്ട് മാനേജർ ഫാ.അനീഷ് എം.ഫിലിപ്പ് ,സ്‌കൂൾ പ്രിൻസിപ്പൽ ഷിബു തോമസ്, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.