പാലാ: എല്ലാ ഗ്രാമീണ വീടുകളിലും ഗുണമേന്മയുള്ള കുടിവെള്ള ലഭ്യത പൈപ്പു കണക്‌ഷനിലൂടെ ഉറപ്പു വരുത്തുവാൻ ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ടാങ്കുകൾ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകൾ എന്നിവയ്ക്കായി സ്ഥലം കണ്ടെത്തുന്ന കാര്യത്തിൽ ഗ്രാമ പഞ്ചായത്തുകൾക്കൊപ്പം നിൽക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്നും, ഗുണഭോക്‌തൃ വിഹിതമോ പഞ്ചായത്തു വിഹിതമോ നോക്കാതെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുകയെന്നതാണ് കേരളത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
ജൽ ജീവൻ മിഷൻ നിർവ്വഹണ സഹായ പ്രവർത്തനങ്ങളുടെ ഭാഗമായി വാഴൂർ, ഉഴവൂർ ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നിർവ്വഹണ സഹായ ഏജൻസി ടീം അംഗങ്ങൾക്കുമായി അങ്കമാലി അന്ത്യോദയ സംഘടിപ്പിച്ച ലെവൽ ത്രി കെ.ആർ.സി ചതുർദിന റസിഡൻഷ്യൽ ട്രെയിനിങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലാ അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ അങ്കമാലി അന്ത്യോദയയുടെ പ്രോജക്ട് ഡയറക്ടർ വി.കെ.ഗോവിന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.എ പ്ലാറ്റ്ഫോം ജില്ലാ ചെയർമാൻ ഡാന്റീസ് കൂനാനിക്കൽ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ (പ്രോജക്ട്) വിജുകുമാർ.വി.എൻ, പഞ്ചായത്തു പ്രസിഡന്റുമാരായ ബെൽജി ഇമ്മാനുവൽ (മരങ്ങാട്ടുപിള്ളി), മിനി മത്തായി (കുറവിലങ്ങാട്), ത്രേസ്യാമ്മ സെബാസ്റ്റ്യൻ (കടപ്ലാമറ്റം), അഡ്വ.സി. ആർ ശ്രീകുമാർ (ചിറക്കടവ്), സജേഷ് ശശി (വെളിയന്നൂർ), ഷൈനി സന്തോഷ് (രാമപുരം), അന്ത്യോദയ എക്സിക്യൂട്ടീവ് ഡയറക്ടർ പീറ്റർ തെറ്റയിൽ, വൈസ് പ്രസിഡന്റുമാരായ ജലജ മോഹൻ (വെള്ളാവൂർ), സണ്ണി അഗസ്റ്റ്യൻ (രാമപുരം), ഉഷാ രാജു (മരങ്ങാട്ടുപിള്ളി), കേരള വാട്ടർ അതോറിറ്റി അസ്സി.എക്സി.എഞ്ചിനീയർ അസ്സി എം ലൂക്കോസ്, പ്രോഗ്രാം ഓഫീസർമാരായ റോജിൻ സ്കറിയ, അനൂപ് കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
കേരള വാട്ടർ അതോറിറ്റി റിട്ട.ചീഫ് എഞ്ചിനീയർ എസ്.രതീഷ്, റിട്ട.എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.കെ.ഗോവിന്ദകുമാർ, തൃശൂർ സെന്റ് തോമസ് കോളേജ് പ്രൊഫസർ ജിജോ കുരുവിള തുടങ്ങിയവർ ക്ലാസ്സ് നയിച്ചു. പത്ത് ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ള പ്രതിനിധികൾക്കാണ് പരിശീലന പരിപാടി നടക്കുന്നത്.