പാലാ: പാലായിലെ ഉന്നത രാഷ്ട്രീയ നേതാവിന്റെ നേതൃത്വത്തിൽ തനിക്കെതിരെ നടത്തിയ ഗൂഡാലോചനയുടെ സന്തതിയാണ് ഇയർ പോഡ് വിവാദമെന്ന് സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം പ്രതികരിച്ചു. ആരോപണം ഉന്നയിച്ച കൗൺസിലർക്ക് തന്നോട് വിരോധം തോന്നാൻ പല കാരണങ്ങളുണ്ട്. പാലാ നഗരസഭയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിലെ വിവാദ പുരുഷനാണ് തനിക്കെതിരെ ആരോപണമുന്നയിച്ച കൗൺസിലർ ജോസ് ചീരാംകുഴി. ഒരു വിവാദ വിഷയത്തിൽ ചീരാങ്കുഴിക്കെതിരെ താൻ നിലപാട് സ്വീകരിച്ചത് ധാർമ്മികത മുൻ നിർത്തിയാണ്. പോരാട്ടം ഇനിയും തുടരും. താൻ പാറമട മാഫിയയുടെ വിഹിതം പറ്റിയിട്ടില്ല എന്നും ബിനു പറയുന്നു.
തന്നെക്കുറിച്ചും തന്റെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ചും പരസ്യമായി പറയാവുന്ന കാര്യങ്ങൾ മാത്രമാണ് ഉള്ളത്. എന്നാൽ ചിലർക്കങ്ങനെയല്ലാത്തതിന് തനിക്ക് ഒന്നും ചെയ്യാനാവില്ല എന്നും ബിനു പറഞ്ഞു. ചീരാംകുഴിയുടെ പിന്നിലെ വെളുത്ത കരങ്ങൾ ആരുടെതാണ് എന്ന് പാലാക്കാർക്ക് ഉത്തമ ബോധ്യമുണ്ട് എന്നും തനിക്ക് അർഹതപ്പെട്ട ചെയർമാൻ സ്ഥാനത്തെ ഇല്ലായ്മ ചെയ്തവർ വിഷയത്തിൽ ഉണ്ടാക്കുന്ന ക്രിത്രിമ തെളിവുകളെ ഭയപ്പെടുന്നില്ലെന്നും ബിനു പറയുന്നു. രാഷ്ട്രീയമായി തന്നെ ഇല്ലായ്മ ചെയ്യാമെന്നത് വ്യാമോഹം മാത്രമാണെന്നും ബിനു പത്രക്കുറിപ്പിൽ അറിയിച്ചു.