പ്രവിത്താനം: പുരാതനമായ പ്രവിത്താനം സെന്റ്.അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ 'മൈക്കിൾ നാമധാരി സംഗമം' നടന്നു. പാലാ രൂപത വികാരി ജനറാൾ വെരി റവ.ഫാ.ജോസഫ് കണിയോടിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷപൂർവ്വമായ പരിശുദ്ധ കുർബാനയോടെ സംഗമത്തിന് തുടക്കമായി. റവ.ഫാ.മൈക്കിള്‍ വട്ടപ്പലം, റവ.ഫാ.മൈക്കിള്‍ ചന്ദ്രന്‍കുന്നേല്‍ എന്നിവർ സഹകാർമികരായിരുന്നു. തിരുകർമ്മങ്ങൾക്ക് ശേഷം മൈക്കിൾ നാമധാരികളുടെ ഒത്തുചേരലും നേർച്ച വിതരണവും ഉണ്ടായിരുന്നു.
ദുഃഖിതരുടെ മനമറിയുന്ന മുഖ്യദൂതനായ വിശുദ്ധ മിഖായേൽ ആണ് പ്രവിത്താനം ദേവാലയത്തിൽ പ്രധാന മധ്യസ്ഥനായി വണങ്ങപ്പെടുന്നത്. പതിനെട്ടാം നൂറ്റാണ്ടിലാണ് വിശുദ്ധന്റെ തിരുസ്വരൂപം പ്രവിത്താനം ദേവാലയത്തിൽ പ്രതിഷ്ഠിച്ചത്. പ്രവിത്താനത്തും സമീപപ്രദേശങ്ങളിലുമുള്ള നാനാജാതി മതസ്ഥരായ ധാരാളം ആളുകൾ വിശുദ്ധന്റെ മധ്യസ്ഥം തേടി ബുധനാഴ്ചതോറും നടക്കുന്ന വിശുദ്ധ കുർബാനയിലും, നൊവേനയിലും, എണ്ണ ഒഴിക്കൽ ശുശ്രൂഷയിലും പങ്കെടുക്കാനായി ഈ ദൈവാലയം സന്ദർശിച്ചു വരുന്നു.
ഓരോ വിശ്വാസിക്കും മാമോദീസയിലൂടെ തനിക്കു ലഭിക്കുന്ന വിശുദ്ധന്റെ പേര് അനുസ്മരിക്കാനും ആ വിശുദ്ധനെ ആദരിക്കാനും കടമയുണ്ട്. ഈ പശ്ചാത്തലത്തിലാണ് 'മൈക്കിൾ നാമധാരി സംഗമം' ശ്രദ്ധേയമാകുന്നത്. വികാരി വെരി റവ.ഫാ.ജോർജ് വേളൂപറമ്പിൽ, അസിസ്റ്റന്റ് വികാരി ഫാ.ജോസഫ് കുറപ്പശ്ശേരിൽ, കൈകാരന്മാർ, കമ്മറ്റി അംഗങ്ങൾ, വിവിധ ഭക്തസംഘടന ഭാരവാഹികൾ, പ്രതിനിധികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.