പാലാ: വലിയ പള്ളിയില്‍ (കത്തീഡ്രലില്‍) ദനഹാ (രാക്കുളി) തിരുനാളിന്റെ പ്രധാന ദിനമായ ഇന്ന് വൈകുന്നേരം 5.15 ന് ചരിത്രപ്രസിദ്ധമായ മലയുന്ത് പ്രദക്ഷിണം നടക്കും. പൂജരാജാക്കന്മാരുടെ തിരുസ്വരൂപങ്ങൾ പുതിയ പള്ളിയിൽ നിന്നു പഴയപള്ളിയിലെത്തി പുൽക്കൂടിന്റെ പ്രതീകമായ മലയെ ആചാരംചെയ്ത് ആരംഭിക്കുന്ന പ്രധാന പ്രദക്ഷിണം പുതിയപള്ളി ചുറ്റി മുൻവശത്തുള്ള നടയിറങ്ങി പാരീഷ് ഹാളിന്റെ തെക്കുവശത്തുള്ള റോഡിലൂടെ കൽക്കുരിശു ചുറ്റി കുരിശുവന്ദനം നടത്തി പഴയപള്ളിയിലെത്തും.
പഴയപള്ളിയിൽ ലദീഞ്ഞ് നടത്തിയതിനുശേഷം പൂജരാജാക്കന്മാരുടെ തിരുസ്വരൂപങ്ങൾ മലയിൽനിന്നു മാറ്റി പഴയപള്ളിയുടെ തെക്കുവശത്തുളള ചെറിയ കവാടത്തിലൂടെ പുറത്തിറങ്ങി മറ്റു പ്രദക്ഷിണങ്ങൾക്കൊപ്പം ചേർന്ന് പുതിയപള്ളിയിൽ അവസാനിക്കുന്നു. പള്ളി മൈതാനത്തെ സ്റ്റേജിൽ നാലു രംഗങ്ങളിലായി ശിശുവധ ആവിഷ്‌കാരം നടക്കും.
രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന നടന്നു. 9.25 ന് പ്രസുദേന്തി സംഗമം, 10-ന് തിരുനാൾ കുർബാനയർപ്പിച്ച് മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകി. വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന, 5.15 തിരുനാള്‍ പ്രദക്ഷിണവും ചരിത്ര പ്രസിദ്ധമായ മലയുന്തും ശിശുവധ ആവിഷ്‌കാരവും, 8.15ന് രാക്കുളി (മാമ്മോദീസാ അനുസ്മരണം) എന്നിവ നടക്കും.
ഏഴാം തീയതി രാവിലെ 5.30, 9.45, 11.30, വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാന 7.10 ന്റെ വിശുദ്ധ കുര്‍ബാനക്കു ശേഷം തിരുസ്വരൂപ പുനഃപ്രതിഷ്ഠ, കൊടിയിറക്ക് എന്നിവ നടക്കും.