പാലാ: റോട്ടറി ക്ലബ് പാലായുടെ ഗ്ലോബൽ ഗ്രാൻറ് പ്രൊജക്ട് വഴി പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിക്കായി 26 ലക്ഷം രൂപയുടെ ചികിത്സാ ഉപകരണങ്ങൾ വിതരണം ചെയ്തു. റോട്ടറി ക്ലബ് ഓഫ് ദി സിറ്റി ഓഫ് വോൾവർഹാംടൺ ഇംഗ്ലൻഡ്, റോട്ടറി ക്ലബ് ഓഫ് ടെക്നോപാർക്ക് ട്രിവാൻഡ്രo എന്നിവയുടെ സഹകരണത്തോടെയാണ് ഉപകരണ സഹായ പദ്ധതി നടപ്പാക്കിയത്.
ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി. ഉപകരണ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു. നിസ്വാർത്ഥ സേവനമാണ് റോട്ടറി ക്ലബ് നടത്തുന്നതെന്ന് തോമസ് ചാഴികാടൻ പറഞ്ഞു. ക്ലബുകൾ സമ്പന്നർക്കുള്ളതാണെന്നുള്ള സാധാരണക്കാരുടെ ധാരണ മാറ്റുവാൻ റോട്ടറി ക്ലബിനു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ തീയേറ്ററുകളിലേക്ക് ആവശ്യമായ ഉപകരണങ്ങളായ ഓപ്പറേറ്റിംഗ് ഓഫ്ത്താൽമിക് മൈക്രോസ്‌കോപ്പ്, ലിഗാഷുവർ വെസ്സൽ സീലിംഗ് മെഷീൻ, പെരിഫെറൽ നേർവ് സ്ററിമുലേറ്റർ എന്നീ ഉപകരണങ്ങളാണ് ആശുപത്രിക്ക് വിതരണം ചെയ്തത്. ചടങ്ങിൽ റോട്ടറി ക്ലബ് പ്രസിഡണ്ട് ഡോ.ജോസ് കുരുവിള കോക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പാലായിൽ മാത്രം ഏഴു കോടി രൂപയുടെ സഹായം വിവിധ ഘട്ടങ്ങളിലായി നടപ്പാക്കി.
നഗരസഭാദ്ധ്യക്ഷ ജോസിൻ ബിനോ, ഡോ.ജി.സുമിത്രൻ, ഡോ.തോമസ് വാവാനികുന്നേൽ, റിച്ചാർഡ് ഗ്രീൻ, ഡോ.ജി.എ.ജോർജ്, കെ.ബാബുമോൻ, സാനോ ജോസ്, പി.വി.ജോർജ്, കൗൺസിലർമാരായ ഷാജു തുരുത്തൻ, ബൈജു കൊല്ലംപറമ്പിൽ, ഡോ.എൽ.ആർ.പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. ആശുപത്രി മാനേജ് കമ്മിറ്റി അംഗങ്ങൾ, ആശുപത്രി അധികൃതർ എന്നിവരും പങ്കെടുത്തു.