രാമപുരം: കഴിഞ്ഞ വര്‍ഷം അന്തരിച്ച ഏറത്ത് തോമസിന്റെ ഭാര്യ ഏലിക്കുട്ടി രാമപുരത്തെ ജനമനസ്സുകളില്‍ മങ്ങാതെ മായാതെ നിറഞ്ഞു നില്‍ക്കും. പാവങ്ങളോട് എന്നും ദയയും കരുണയും സ്‌നേഹവുമുണ്ടായിരുന്ന ഏലിക്കുട്ടിയുടെ ഓര്‍മ്മയ്ക്കായി വെള്ളിലാപ്പിള്ളി സെന്റ്.ജോസഫ് ദയാഭവനിലെ ആരോരുമില്ലാത്ത അമ്മമാര്‍ക്ക് താമസിക്കുവാനായി ഏറത്ത് കുടുംബം ഏലിക്കുട്ടി മെമ്മോറിയല്‍ എന്ന പേരില്‍ പുതിയതായി ഒരു ബ്‌ളോക്ക് നിര്‍മ്മിച്ച് നല്‍കുകയാണ്.
15 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ശ്യവല്‍ക്കരിക്കപ്പെട്ടവരെ സഹായിക്കുകയും അവര്‍ക്ക് സംരക്ഷണം ഒരുക്കുന്നത് പുണ്യം നിറഞ്ഞ പ്രവര്‍ത്തിയാണെന്ന് മന്ത്രി പറഞ്ഞു.
ഏലിക്കുട്ടിയുടെ ഭര്‍ത്താവ് തോമസ് ആര്‍മി റിട്ടേര്‍ഡ് ജെ.സി.ഓ. ആണ്. കരോളിന്‍, ബെറ്റി, ജോയി, റോബിന്‍ എന്നിവരാണ് മക്കള്‍. മുന്‍ വര്‍ഷങ്ങളില്‍ വീടില്ലാത്ത നിര്‍ധനരായവര്‍ക്ക് ഏറത്ത് ഫാമിലി ഒന്നിലധികം വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. 1973 ലാണ് സെന്റ്.ജോസഫ് ദയാഭവന്‍ ഫോര്‍ വുമണ്‍ എന്ന പേരില്‍ വെള്ളിലാപ്പിള്ളിയില്‍ ഈ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്.
ജോസ് കെ മാണി എം.പി, തോമസ് ചാഴികാടന്‍ എം.പി, മാണി സി കാപ്പന്‍ എം.എല്‍.എ, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് കിഴക്കേക്കര, ഫൊറോന പള്ളി വികാരി ഫാ.ഡോ.ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, മനോജ് ചീങ്കല്ലേല്‍, സിസ്റ്റര്‍ ലിസ്ബ്, മദര്‍ സുപ്പീരിയര്‍ തെരേസ് കോയിപ്പുറം എന്നിവര്‍ പ്രസംഗിച്ചു.