ഇടുക്കി: വനമേഖലകളിലും വിജനപ്രദേശങ്ങളിലും മയക്കുമരുന്ന് ലോബി സജീവം. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ പ്രധാനമായും ഒളിപ്പിക്കുന്നത് കുമളിയുടെ അതിർത്തി വനമേഖലകളിലാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നു തമിഴ്നാട് വഴിയാണ് കൂടുതലും കഞ്ചാവ് ഉള്‍പ്പെടെയുള്ളവ കേരളത്തിലെത്തുന്നത്. തമിഴ്നാട്ടില്‍ വൻ കഞ്ചാവ് ലോബി സജീവമാണ്.
കുമളിയടക്കം ഹൈറേഞ്ചിലെ മിക്ക ചെക്ക്പോസ്റ്റുകളിലും പിടിക്കപ്പെടുന്ന കഞ്ചാവ് കന്പം, ഗുഡല്ലൂർ എന്നിവിടങ്ങളില്‍നിന്നു വരുന്നവയാണ്. കേരള - തമിഴ്നാട് അതിർത്തി മിക്കയിടത്തും വനമേഖലയാണ്. തലച്ചുമടായി വനമേഖലകളിലൂടെയുള്ള കള്ളക്കടത്തും മയക്കുമരുന്ന് കടത്തും സജീവമാണ്.
ഇത്തരത്തിലെത്തുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ളവ പിടിക്കപ്പെടാതിരിക്കാൻ വനത്തില്‍ സൂക്ഷിച്ച് പിന്നീട് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ്. ഈ ഭാഗത്ത് തമിഴ്നാട് ഉദ്യോഗസ്ഥരുടെ തെരച്ചില്‍ ഇല്ലാത്തതും കേരള ഉദ്യോഗസ്ഥരുടെ പരിമിതിയും മയക്കുമരുന്ന് കള്ളക്കടത്ത് ലോബിക്ക് തുണയാകുന്നു.
വർഷത്തിലൊരിക്കലോ മറ്റോ വിശേഷ ദിനങ്ങള്‍ പ്രമാണിച്ച് ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത പരിശോധന പേരിനു മാത്രമുണ്ടാകും. സ്ഥിരമായ നിരീക്ഷണസംവിധാനങ്ങള്‍ അതിർത്തി മേഖലകളില്‍ കേരളത്തിനും ഇല്ല. എക്സൈസ് വകുപ്പ് ചെക്ക്പോസ്റ്റുകളിലെ പരിശോധനകളില്‍ മാത്രം തൃപ്തിയടയുകയാണ്. അട്ടപ്പള്ളം, ലക്ഷംവീട് വിശ്വനാഥപുരം (മുരിക്കടി) റോഡുകള്‍ ഏറെ ശ്രദ്ധിക്കേണ്ടവയാണ്.