കോട്ടയം: നാളെ (ഫെബ്രുവരി 13) സംസ്ഥാന വ്യാപകമായി കടകൾ അടച്ചിട്ടും. മെഡിക്കൽ ഷോപ്പുകൾ, ഹോട്ടൽ അസോസിയേഷനുകൾ എന്നിവ സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന വ്യാപാര സംരക്ഷണ യാത്ര ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത് സമാപിക്കും. അന്നേദിവസം സംസ്ഥാന വ്യാപകമായി കടകൾ അടച്ചിടുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജി എസ് റ്റി യുടെയും എഫ്.എസ്.എസ്.എ.ഐ യുടെയും പേരിൽ നടപ്പിലാക്കുന്ന നിയമങ്ങൾ ചെറുകിട വ്യാപാരികളെ ഇല്ലാതാക്കുവാനും വൻകിട കുത്തകകളെ സഹായിക്കുവാനുമുള്ളതാണെന്ന് കാണിച്ചാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാര സംരക്ഷണയാത്ര നടക്കുന്നത്.
ജനുവരി 29 ന് കെ വി വി ഇ എസ് സംസ്ഥാന പ്രസിഡന്റ് രാജു അപൂരയുടെ നേത്യത്വത്തിൽ കാസർഗോഡ് നിന്ന് ആരംഭിച്ച യാത്ര വ്യാപാരി മഹാസമ്മേളനത്തോടുകൂടി 13 ന് തിരുവനന്തപുരത്ത് സമാപിക്കും. മാലിന്യ സംസ്കരണത്തിന്റെ പേരിൽ കടകളിൽ പൊതു ശൗചാലയങ്ങൾ ഉണ്ടാക്കണമെന്നും വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണമെന്നതുൾപ്പെടെ അപ്രായോഗികമായ ഉത്തരവുകൾ പിൻവലിക്കുക. ഹരിത കർമ്മ സേനയുടെ സേവനം ആവശ്യമുള്ളവരിൽ നിന്നു മാത്രം യൂസർ ഫീ ഈടാക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് സമിതി ഉന്നയിക്കുന്നത്.