മഞ്ഞപ്ര: കുർബാന തർക്കത്തിൻ്റെ ഭാഗമായി മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളിയിൽ കഴിഞ്ഞദിവസം ഇരു വിഭാഗം വിശ്വാസികൾ തമ്മിൽ പരസ്പരം കൂകി വിളിയും പോർവിളിയുമായി വന്നു. രാവിലെ ഏഴ് മണിയുടെ വിശുദ്ധ കുർബാനക്ക് മുൻപേ തന്നെ ഇരു വിഭാഗത്തിൽ പെട്ടവർ പള്ളിയുടെ സങ്കീർത്തിക്ക് മുന്നിൽ തമ്പടിച്ചു.
ദിവസങ്ങൾക്ക് മുൻപ് സഭ അനൂകൂലികൾ വികാരി ഫാ.സെബാസ്റ്റ്യൻ ഊരക്കാടനെ നേരിൽ കണ്ട് വലിയ നോമ്പിൻ്റെ പ്രാരംഭ ദിനമായ പേത്താർത്താ (ഫെബ്രുവരി 11 ഞായർ) ദിനം മുതൽ സഭ അനുശാസിക്കുന്ന അൾത്താരഭിമുഖ കുർബാന പള്ളിയിൽ അർപ്പിക്കണമെന്ന് വികാരിയോട് കത്ത് മൂലം ആവശ്യപ്പെട്ടു. എന്നാൽ കുർബാനക്ക് മുൻപേ തന്നെ ഇരു വിഭാഗം വിശ്വാസികൾ നടത്തിയ പോർവിളി ശബ്ദമുഖിരതമായിരുന്നു. ശക്തമായ കൂകി വിളിയും ബഹളവവും ഒച്ചപ്പാടും പോർവിളിയും മൂലം പള്ളിയിൽ പ്രവേശിച്ചിരുന്ന വിശ്വാസികൾ വരെ സങ്കീർത്തി ഭാഗത്തേക്ക് ഓടി എത്തി.
അര മണിക്കുറിലധികം രൂക്ഷമായ വാദപ്രതിവാദങ്ങളായിരുന്നു ഇരു വിഭാഗവും ഉയർത്തി വിട്ടത്. ഒരു സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങാനുള്ള പോർവിളി ശക്തമായപ്പോൾ ഇരു വിഭാഗങ്ങളെയും പരസ്പരം പിന്തിരിപ്പിക്കുകയായിരുന്നു ഉണ്ടായത്. ഈ സമയം കുർബാനക്കായി പള്ളിമേടയിൽ നിന്ന് വികാരി ഇറങ്ങി പതിവ് പോലെ വരുന്ന വഴി ഒഴിവാക്കി പള്ളി അകത്ത് പ്രവേശിച്ചാണ് സങ്കീർത്തിയിൽ എത്തിയത്. തുടർന്ന് സഭ അനൂകൂലികൾ സങ്കീർത്തിയിൽ എത്തി വികാരിയോട് സിനഡ് കുർബാന അർപ്പിക്കണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി.
എന്നാൽ ഈ ആവശ്യം അദ്ദേഹം അംഗീകരിക്കാതെ വന്നപ്പോൾ വികാരിയെ സഭ അനുകൂലികൾ ബന്ദിയാക്കി വച്ചു. ഏകദേശം 20 മിനിറ്റാണ് പുരോഹിതനെ സങ്കീർത്തിയിൽ തടഞ്ഞ് വച്ചത്. ഇതിനിടയിൽ വൈദികനും സഭ അനുകൂലികളും തമ്മിൽ ഏറെ നേരം വാക് വാദത്തിൽ ഏർപ്പെട്ടു.
കുർബാന മധ്യേ ഏകീകരണ ബലിയെ കുറിച്ച് വിശ്വാസികളോട് പറയാമെന്ന അദ്ധേഹത്തിൻ്റെ ഉറപ്പിനെ തുടർന്നാണ് സഭ അനുകൂലികൾ വൈദീകനെ മദ്ബഹായിലേക്ക് വിട്ടയച്ചത്. തുടർന്ന് അദ്ധേഹം ജനാഭിമുഖകുർബാന അർപ്പിച്ചു. ഇതിനിടെ ചിലർ പക്ഷം പിടിക്കനായി മറ്റ് ഇടവക പള്ളികളിൽ നിന്ന് വന്നതായി ഒരു വിഭാഗം ആരോപിച്ചു.
അൾത്താരഭിമുഖ കുർബാന വിശ്വാസ സമൂഹത്തിൻ്റെ അവകാശമാണ് അത് നടപ്പാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് രൂപം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഔദോഗിക പക്ഷം. എന്നാൽ വിശ്വാസികളെ അണിനിരത്തി ജനാഭിമുഖ കുർബാനക്കായി ശക്തമായ പോരാട്ടം തുടരുമെന്ന് വിമത പക്ഷവും പറഞ്ഞു.