കൊച്ചി: അതിരൂപതയിൽ സിനഡ് കുർബാന അർപ്പിക്കാതിരിക്കുകയും വിമത പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്ന കൂരിയ അംഗങ്ങളേയും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററേയും തൽസ്ഥാനങ്ങളിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് നസ്രാണി അസോസിയേഷൻ്റെ നേതൃത്വത്തിൽ കൊച്ചി ബിഷപ്പ് ഹൗസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.

അസോസിയേഷൻ ചീഫ് കോ-ഓർഡിനേറ്റർ ഡോ.എം.പി. ജോർജ് ഉദ്ഘാടനം ചെയ്തു. അതിരൂപത ആസ്ഥാനം സഭവിരുദ്ധരുടെ കേന്ദ്രമായി മാറി. വിശ്വാസികളുടെ നേർച്ച പണം കൊണ്ട് സഭാവിരുദ്ധ പ്രവർത്തനം നടത്തി സഭയെ പിളർത്തുവാൻ ശ്രമിക്കുന്ന വിമത വൈദികർക്കെതിരെ നേതൃത്വം നടപടി കൈകൊള്ളണം. സഭയിലെ കേവലം ഒരു രൂപതയിലെ പ്രശ്നങ്ങൾ പോലും പരിഹരിക്കുവാൻ കഴിയാത്ത സിനഡിനെ ഒന്നടങ്കം വേണ്ടി വന്നാൽ അപ്രസക്തമാക്കി സീറോ മലബാർ സഭയുടെ സ്വതന്ത്ര ഭരണാവകാശം എടുത്തുകളഞ്ഞ് വത്തിക്കാൻ നേരിട്ട് ഭരണനിർവ്വഹണം നടത്തണം. ഇടവകകളിൽ കുർബാന കാര്യത്തിൽ ചേരിതിരിവ് ഉണ്ടാക്കി അൽമായരിൽ ചേരിതിരിവ് ഉണ്ടാക്കരുത്. എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാരുന്നു പ്രതിഷേധ സമരം.

അടുത്ത ഘട്ടം സഭാ ആസ്ഥാനത്തും അതിരൂപതയിലെ ഇടവക, ഫൊറോന പള്ളികളിലും നിരാഹാര സമരം ഉൾപ്പെടെയുള്ള പ്രതിഷേധ സമരപരിപാടികൾ സംഘടിപ്പിക്കും എന്ന് കാത്തലിക് നസ്രാണി അസോസിയേഷൻ്റെ നേതൃത്വം അറിയിച്ചു. 49 മെത്രാൻമാർ ചേർന്ന് വലിയ നോമ്പ് ആചരണത്തിൽ എറണാകുളം ബസിലിക്കയിൽ ഏകീകരണ ബലി അർപ്പണത്തിന് അതിരൂപതയിൽ പ്രാരംഭം കുറിക്കണമെന്ന് പ്രതിഷേധ സമ്മേളനം ആവശ്യപ്പെട്ടു.