കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സീറ്റുകളെ സംബന്ധിച്ച് ഇടതുമുന്നണിയിൽ ധാരണ. 15 സീറ്റിൽ സിപിഎം മത്സരിക്കും. 4 സീറ്റിൽ സിപിഐ. കോട്ടയം സീറ്റ് കേരള കോൺഗ്രസിന് (എം) നൽകും. നാളെ ചേരുന്ന എൽഡിഎഫ് യോഗത്തിൽ ഇതു സംബന്ധിച്ച ചർച്ചകൾ നടക്കും. പരമാവധി സീറ്റുകൾ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ്.

തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. ഈ സീറ്റുകൾ മാറാൻ സാധ്യതയില്ല. ലോക്സഭാ സീറ്റ് ചർച്ചകൾ നടത്താൻ സിപിഐയുടെ നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും. സിപിഎം നേതൃയോഗങ്ങൾ നാളെ മുതൽ തിങ്കൾ വരെയാണ്. പരമാവധി വേഗത്തിൽ സീറ്റ് നിർണയ ചർച്ചകൾ പൂർത്തിയാക്കാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്.

സിപിഎം കേരള കോൺഗ്രസിന് (എം) വിട്ടു കൊടുക്കുന്ന കോട്ടയം സീറ്റിൽ കഴിഞ്ഞതവണ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി തോമസ് ചാഴിക്കാടനെതിരെ ജില്ലാ സെക്രട്ടറിയായിരുന്ന വി.എൻ.വാസവനായിരുന്നു മത്സരിച്ചത്. കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്കെത്തിയ സാഹചര്യത്തിലാണ് സീറ്റ് കൈമാറുന്നത്.
തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിൽ ബിജെപി പ്രതീക്ഷ പുലർത്തുന്നു. സിപിഐയ്ക്ക് തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാർഥിയെ കണ്ടെത്താനായിട്ടില്ല. പന്ന്യന്‍ രവീന്ദ്രൻ മത്സരിക്കുമെന്ന് അഭ്യൂഹമുയർന്നെങ്കിലും അദ്ദേഹം അതു നിഷേധിച്ചു.