എറണാകുളം: തൃപ്പൂണിത്തുറ പടക്കപ്പുരയിലെ സ്ഫോടനത്തിൽ പുതിയകാവ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്. ഇത് കൂടാതെ ഇന്നലെ (ഫെബ്രുവരി 11) അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനും കേസെടുത്തു. എക്സ്പ്ലോസീവ് ആക്ട് പ്രകാരം ഹിൽപാലസ് പൊലീസാണ് കേസെടുത്തത്. ക്ഷേത്രം ഭരണസമിതി, പടക്കം എത്തിച്ചവർ, ഉത്സവ കമ്മിറ്റി എന്നിവർക്കെതിരെയാണ് കേസ്.
ഇന്ന് (ഫെബ്രുവരി 12) രാവിലെ 11 മണിയോടെ പടക്കപ്പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ മരിച്ചു. 16 പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. 25 വീടുകൾക്ക് ഭാഗികമായോ പൂർണമായോ കേടുപാടുപറ്റി. നാല് വീടുകളുടെ മേൽക്കൂര തകർന്നു.
തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ ഭരണകൂടത്തിൽനിന്ന് അനുമതി തേടിയിട്ടില്ലെന്ന് എറണാകുളം ഡെപ്യൂട്ടി കളക്ടർ വി ഇ അബ്ബാസ് വ്യക്തമാക്കിയിരുന്നു. പടക്കം സൂക്ഷിച്ചത് അനുമതിയില്ലാതെയാണ്. പടക്കം സൂക്ഷിക്കുന്നതിന് കൃത്യമായ നിബന്ധനകളുണ്ട്. അതെല്ലാം പാലിക്കുന്നുവെന്ന് ഉറപ്പാക്കി മാത്രമാണ് അനുമതി നൽകുകയെന്നും ഡെപ്യൂട്ടി കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ അത്തരത്തിൽ അനുമതി തേടിയുള്ള അപേക്ഷ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടില്ല. അനുമതി ചോദിച്ചാലല്ലേ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാകൂ എന്നും ഡെപ്യൂട്ടി കളക്ടർ പറഞ്ഞു. ഇന്നലെയും ക്ഷേത്രത്തിൽ വെടിക്കെട്ടുണ്ടായിരുന്നു.