Hot Posts

6/recent/ticker-posts

കേടില്ലാത്ത പല്ലുകൾക്കു കേടുവരുത്തി ദന്ത ഡോക്ടർ: അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ



കോട്ടയം: പല്ലിന്റെ വിടവുനികത്താൻ ചികിൽസ തേടിയെത്തിയ സ്ത്രീയുടെ കേടുപാടില്ലാത്ത അഞ്ചുപല്ലുകൾക്കു കേടുവരുത്തിയെന്ന പരാതിയിൽ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ദന്തഡോക്ടറോട് ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കോട്ടയം വട്ടുകുളം കടപ്പൂർ സ്വദേശിയായ കെ.ആർ. ഉഷാകുമാരിയുടെ പരാതിയിലാണ് കോട്ടയത്തുള്ള കാനൻ ദന്തൽ ക്ലിനിക്കിലെ ദന്തൽ സർജൻ ഡോ.ഷൈനി ആന്റണി റൗഫ് നഷ്ടപരിഹാരം നൽകണമെന്ന് അഡ്വ.വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ.ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്.


മേൽനിരയിലെ പല്ലിന്റെ വിടവുനികത്താനും പൊട്ടലുണ്ടോ എന്നറിയുന്നതിനുമാണ് ഉഷാകുമാരി കാനൻ ദന്തൽ ക്ലിനിക്കിനെ സമീപിച്ചത്. എന്നാൽ ക്ലിനിക്കിലെ ദന്തൽ സർജൻ ചികിൽസാർത്ഥം പരാതിക്കാരിയുടെ അനുവാദം ഇല്ലാതെ കുത്തിവയ്പ് എടുത്തു മരവിപ്പിച്ച് കേടുപാടില്ലാത്ത മേൽനിരയിലെ ഒരു പല്ലും താഴത്തെനിരയിലെ നാലുപല്ലുകളും രാകിമാറ്റിയെന്നും തുടർന്ന് പല്ലുകൾ ക്രൗൺ ചെയ്യുന്നതിന് അഡ്വാൻസ് തുക വാങ്ങിയെന്നും പരാതിയിൽ പറയുന്നു.


വേദനയും സംസാരിക്കുന്നതിന് ബുദ്ധിമുട്ടും അനുഭവപ്പെട്ട പരാതിക്കാരി പിറ്റേദിവസം പാലായിലുള്ള ദന്തൽ ക്ലിനിക്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും അവിടെ നിന്നുള്ള നിർദേശപ്രകാരം കോട്ടയം ദന്തൽ കോളജിലും ചികിൽസ തേടി. പിന്നീട് പല്ലുകളുടെ ക്രൗൺ ഉറപ്പിക്കുന്നതിനായി കൊച്ചിൻ ഡെന്റൽ ക്ലിനിക്കിൽ 57,600/- ചെലവായി എന്നും പരാതിയിൽ പറയുന്നു.


കോട്ടയം ദന്തൽ മെഡിക്കൽ കോളേജിലെ പ്രൊഫസറും വകുപ്പുമേധാവിയുമായ ഡോ.എൽ.എസ്. ശ്രീല, പാലാ ഹോളി ട്രിനിറ്റി ദന്തൽ ക്ലിനിക്കിലെ ഡോക്ടർ ആന്റോ ആന്റണി എന്നിവരെ വിസ്തരിച്ച കമ്മിഷൻ ഇവരുടെ മൊഴി രേഖപ്പെടുത്തി. പരാതിക്കാരിയുടെ പല്ലിന്റെ വേരുകൾക്ക് മറ്റ് രോഗങ്ങൾ ഒന്നുമില്ലായെന്നു എക്‌സ്‌റേ പരിശോധിച്ചതിൽ നിന്നു വ്യക്തമായി എന്നും രാകി ചെറുതാക്കിയ പല്ലുകളുടെ ഇനാമലും ഡെന്റിനും നഷ്ടമായി ഭാവിയിൽ നശിച്ചുപോകാനുള്ള സാധ്യത ഉള്ളതായും ഡോക്ടർ എൽ.എസ്. ശ്രീല മൊഴി നൽകി. 


അലക്ഷ്യമായി മുൻകരുതലുകളില്ലാതെ പരാതിക്കാരിയുടെ ആരോഗ്യമുള്ള പല്ലുകൾ നശിപ്പിച്ചുകളയുകയും തന്മൂലം മാനസികവിഷമവും സാമ്പത്തികനഷ്ടവും വരുത്തിയ കാനൻ ദന്തൽ ക്ലിനിക്കിലെ ദന്തൽ സർജന്റെ ചികിൽസയിൽ സേവനന്യൂനത കണ്ടെത്തിയ കോടതി അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവാകുകയായിരുന്നു.

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ