തെള്ളകം: ഗ്രാമീണ വീടുകളിൽ ശുദ്ധമായ കുടിവെള്ളം പൈപ്പു കണക്ഷനിലൂടെ ലഭ്യമാക്കുന്ന ജൽ ജീവൻ മിഷൻ പ്രവർത്തനത്തിലൂടെ ജല ജനാധിപത്യം യാഥാർത്ഥ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റി മെമ്പർ ഡാന്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു. കേവലം കുടിവെള്ള വിതരണം മാത്രമല്ല ജല സംരക്ഷണത്തിലൂന്നിയുള്ള പ്രവർത്തനങ്ങളിലൂടെ പ്രകൃതിയുടെ ഹരിതാഭ സംരക്ഷിക്കുവാനും സസ്യലതാദികൾക്കും ജന്തുവൈവിധ്യങ്ങളുടെ നിലനിൽപ്പിനും സഹായിക്കുന്ന വിധം ജലം ജീവനാണ് എന്ന മഹത്തായ ദർശനമാണ് ജൽ ജീവൻ മിഷന്റെ മൂലമന്ത്രമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശികമായി നടപ്പിലാക്കുന്ന ജൽ ജീവൻ കുടിവെള്ള പദ്ധതികളുടെ ഉടമകൾ ഗ്രാമ പഞ്ചായത്തായതിനാൽ ജല ജനാധിപത്യത്തിന് ജൽ ജീവൻ മിഷൻ വഴിതുറക്കുന്നതായും പദ്ധതിയുടെ നിർവ്വഹണഘട്ടത്തിലും തുടർ നടത്തിപ്പിലും ഗുണഭോക്‌തൃ സമൂഹത്തിന് ഉത്തരവാദിത്വപൂർണ്ണമായ പങ്ക് നിർവ്വഹിക്കാനുണ്ടന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
കോട്ടയം തെള്ളകത്ത് ചൈതന്യാ പാസ്റ്ററൽ സെന്ററിൽ പഞ്ചായത്ത് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി സംഘടിപ്പിച്ച ചതുർദിന റസിഡൻഷ്യൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഐ.എസ്.എ പ്ലാറ്റ്ഫോം സംസ്ഥാന വൈസ് ചെയർമാൻ കൂടിയായ അദ്ദേഹം. ജൽ ജീവൻ മിഷൻ കീറിസ്റ്റോഴ്സ് സെന്ററായ അങ്കമാലി അന്ത്യോദയയുടെ പ്രോജക്ട് ഡയറക്ടർ വി.കെ.ഗോവിന്ദ കുമാർ അദ്ധ്യക്ഷത വഹിച്ചു.
കേരള വാട്ടർ അതോറിറ്റി അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ ശരത് നാരായണൻ, എൻ യു കുര്യാക്കോസ്, അന്ത്യോദയ എക്സിക്യൂട്ടീവ് ഡയറക്ടർ പീറ്റർ തെറ്റയിൽ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ, മാടപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ എസ് മേനോൻ, ഐ.എസ്.എ പ്ലാറ്റ്ഫോം സംസ്ഥാന സമിതിയംഗം പി.ജി തങ്കമ്മ, പ്രോഗ്രാം കോർഡിനേറ്റർ അനൂപ് കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
മാടപ്പള്ളി, വൈക്കം ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്തുകൾക്കൊപ്പം കിടങ്ങൂർ ഗ്രാമ പഞ്ചായത്തധികൃതരും പരിശീലനപരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. കേരള വാട്ടർ അതോറിറ്റി റിട്ട.ചീഫ് എഞ്ചിനീയർ എസ്.രതീഷ്, റിട്ട.എക്സി. എഞ്ചിനീയർ വി.കെ.ഗോവിന്ദ കുമാർ, റിട്ട.കെമിക്കൽ മാനേജർ വിനോദ് കുമാർ മാവൂർ തുടങ്ങിയവർ ക്ലാസ്സ് നയിച്ചു. തുടർ ദിവസങ്ങളിൽ ഡി.ഡബ്ലിയു.എസ്.എം മെമ്പർ സെക്രട്ടറി അനിൽ രാജ്, റിട്ട.എക്സി എഞ്ചിനീയർ പി.സി.ഡേവിസ്, പ്രൊഫ.ജിജോ കുരുവിള, റോജിൻ സ്കറിയ തുടങ്ങിയവർ ക്ലാസ്സ് നയിക്കും.