കോട്ടയം: വനിതകളെ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ പ്രാപ്തരാക്കി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. 94 വനിതകൾക്കാണ് ബേക്കറി നിർമാണരംഗത്തും ബ്യൂട്ടീഷൻ കോഴ്‌സിലും സൗജന്യ പരിശീലനം നൽകിയത്. പരിശീലനം പൂർത്തിയായവർക്കുള്ള സർട്ടിഫിക്കറ്റ് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് ചടങ്ങിൽ അധ്യക്ഷയായി. തൊഴിലുറപ്പ് പദ്ധതിയിൽ നൂറു തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച 18 നും 45 നും മദ്ധ്യേ പ്രായമുള്ള തൊഴിലാളികൾക്കാണ് 'ഉന്നതി' എന്ന പേരിൽ നൈപുണ്യ വികസന പരിശീലനം നൽകിയത്. 62 വനിതകൾക്കാണ് ബേക്കറി ഉൽപ്പന്ന നിർമാണരംഗത്ത് 10 ദിവസത്തെ പരിശീലനം നൽകിയത്. 32 വനികൾക്ക് 30 ദിവസത്തെ ബ്യൂട്ടിഷൻ കോഴ്‌സും നൽകി. 6.25 ലക്ഷം രൂപയാണ് പദ്ധതി ചെലവ്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജയശ്രീ ഗോപിദാസ്, ഷക്കീല നസീർ, ടി.ജെ. മോഹനൻ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ.എസ് അജിമോൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ കെ.കെ. ഫൈസൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.