Hot Posts

6/recent/ticker-posts

പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളി വിഷയം: സമാധാന യോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മത-സാമുദായിക പ്രതിനിധികളും: നാടിന്റെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കാൻ തീരുമാനം



കോട്ടയം: നാടിന്റെ മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും കാത്തുസൂക്ഷിക്കാനും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകാനും ഒറ്റക്കെട്ടായി നീങ്ങാൻ സമാധാന യോഗം തീരുമാനിച്ചതായി സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിലുണ്ടായ വിഷയങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ കളക്ട്രേറ്റിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മത-സാമുദായിക പ്രതിനിധികളുടെയും സമാധാന യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.



പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിലുണ്ടായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും ഉള്ളുതുറന്നു ചർച്ച ചെയ്തു. പള്ളി അസിസ്റ്റന്റ് വികാരിക്ക് പരുക്കേൽക്കാനിടയായ അനിഷ്ട സംഭവത്തെ യോഗം അപലപിച്ചു. നാട്ടിൽ സമാധാന അന്തരീക്ഷം പുലരാൻ എല്ലാവരും പൂർണ പിന്തുണ അറിയിച്ചു. ഇതിനായി പ്രവർത്തിക്കാനും തീരുമാനിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലനിന്ന അസ്വസ്ഥതകൾ വീണ്ടും ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തും.



18 വയസിനു താഴെയുള്ളവരടക്കം വിദ്യാർഥികളാണ് കേസിൽ പ്രതിയായിട്ടുള്ളത്. വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനുള്ള സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി തുടർനടപടികൾ സ്വീകരിക്കും. വിദ്യാർഥികൾക്കെതിരേ ചുമത്തിയ വകുപ്പുകൾ സംബന്ധിച്ച വസ്തുതകൾ ജില്ലാ പൊലീസ് മേധാവി പരിശോധിക്കും. വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ കൗൺസലിങ് നൽകും. ഞങ്ങളും നിങ്ങളും എന്നതു മാറി നമ്മൾ എന്ന നിലയിൽ പ്രവർത്തിക്കാനാണ് യോഗതീരുമാനം. എല്ലാവരും പരസ്പരം ആശ്ലേഷിച്ചാണ് യോഗം അവസാനിപ്പിച്ചത്. 


സമാധാനയോഗം പരിപൂർണ വിജയമായിരുന്നു. നാടിന്റെ മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും തകർക്കുന്നനിലയിൽ വിദ്വേഷപരാമർശങ്ങൾ ഉണ്ടായാൽ കർശനനടപടി സ്വീകരിക്കും. പൊലീസ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നുണ്ട്. നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ദുരുദ്ദേശ്യത്തോടെ ആരെങ്കിലും വന്നാൽ ഒറ്റപ്പെടുത്തുമെന്നും സമാധാന അന്തരീക്ഷം പുലരാൻ എല്ലാ പിന്തുണയും മത-സാമുദായിക പ്രതിനിധികൾ യോഗത്തിൽ അറിയിച്ചതായും മന്ത്രി പറഞ്ഞു.



ആന്റോ ആന്റണി എം.പി., അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ., ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൾ ഖാദർ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാത്യു, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, പാലാ ആർ.ഡി.ഒ. കെ.പി. ദീപ, പാലാ രൂപത വികാരി ജനറൽ ഫാ. സെബാസ്റ്റിയൻ വേത്താനത്ത്, സെന്റ് മേരീസ് പള്ളി അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് പനയ്ക്കക്കുഴി, ശാഹുൽ ഹമീദ്, മുഹമ്മദ് ഇസ്മയിൽ, പൊലീസ് ഉദ്യോഗസ്ഥർ, അറസ്റ്റിലായ വിദ്യാർഥികളുടെ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.  

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു