നിർമ്മാണം പൂർത്തിയാക്കിയ കോട്ടയം മുട്ടമ്പലം റെയിൽവേ അടിപ്പാത
കോട്ടയം: പാര്‍ലമെന്റ് നിയോജക മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ തോമസ് ചാഴികാടൻ എംപിയുടെ ശ്രമഫലമായി നടന്നത് 939 കോടിയിലേറെ രൂപയുടെ റെയിൽവേ വികസനം. പാത ഇരട്ടിപ്പിക്കൽ, റെയിൽവേ സ്റ്റേഷൻ റീമോഡലിങ്, രണ്ടാം പ്രവേശന കവാടം, പാർക്കിങ് ഏരിയ, തീർത്ഥാടകർക്കുള്ള സൗകര്യം, മൾട്ടി ലെവൽ ടു വീലർ പാർക്കിങ്, സ്റ്റേഷനുകളുടെ നവീകരണം തുടങ്ങി വിവിധ മേഖലകളിൽ കോട്ടയം മണ്ഡലത്തിലെ റെയിൽവേ വികസനം കുതിക്കുകയാണ്. ഈ വികസനത്തിന് കൂടുതൽ കരുത്തു പകരുകയാണ് നിർമ്മാണം ആരംഭിക്കുന്ന നാലു മേൽപ്പാലങ്ങൾ.
കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂര്‍ റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിർമ്മാണമാണ് തുടങ്ങിയത്. മേൽപ്പാലങ്ങളുടെ നിർമ്മാണ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഇതോടൊപ്പം കോട്ടയം മുട്ടമ്പലം റെയില്‍വേ അടിപ്പാതയും പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുമെന്ന് തോമസ് ചാഴികാടൻ എം പി അറിയിച്ചു.
കുരീക്കാട് മേല്‍പ്പാലത്തിന് 36.89 കോടി രൂപ, കടുത്തുരുത്തി മേല്‍പ്പാലം 19.33 കോടി, കുറുപ്പന്തറ മേല്‍പ്പാലം 30.56 കോടി, കോതനല്ലൂരിൽ സ്ഥലം ഏറ്റെടുക്കലിന് 5 കോടിയും ഉൾപ്പെടെ 91.78 കോടി രൂപയാണ് ലഭ്യമാക്കിയത്. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായാണ് മുട്ടമ്പലം അടിപ്പാത നിർമ്മിച്ചത്. കാരിത്താസിൽ 13.55 കോടി രൂപയും, മുളന്തുരുത്തിയിൽ 24.98 കോടി രൂപയും മുടക്കിയുള്ള മേൽപ്പാല നിർമ്മാണം പുരോഗമിക്കുകയാണ്.
പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ നടത്തിയ നിരന്തരമായ ഇടപെടലുകളിലൂടെ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുവാന്‍ കഴിഞ്ഞതില്‍ ചാരിഥാര്‍ഥ്യമുണ്ടെന്ന് എംപി പറഞ്ഞു. മെമു, വന്ദേഭാരത് ട്രെയിനുകൾ കോട്ടയം വഴി സർവീസ് ആരംഭിച്ചത് എംപിയുടെ ഇടപെടലിലൂടെയായിരുന്നു.
എറണാകുളത്ത് സർവീസ് അവസാനിക്കുന്ന ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടുക, പാലക്കാട് - എറണാകുളം മെമു കോട്ടയത്തേക്ക് നീട്ടുക, ഐലന്റ് എക്സ്പ്രസിലെ സ്ലീപ്പർ കോച്ചുകൾ വർധിപ്പിക്കുക, രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെയുള്ള സമയത്തിനിടെ കോട്ടയത്തുനിന്നും വടക്കോട്ട് ട്രെയിൻ അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളും എംപി റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.