പാലാ: കേരള ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാനസമ്മേളനം ഫെബ്രുവരി 24, 25 തീയതികളിൽ കോട്ടയം CMS കോളേജിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരള ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന സമ്മേളത്തോടനുബന്ധിച്ചുള്ള പുസ്‌തക പ്രചരണത്തിന്റെ ഭാഗമായി രാമപുരം യൂണിറ്റ് സഫലം രാമപുരവുമായി ചേർന്ന് രാമപുരം പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലേയും സയൻസ് ക്ലബ്ബുകൾക്ക് ശാസ്ത്രപുസ്‌തകങ്ങൾ സമ്മാനിക്കുന്നു. വിവിധ വിദ്യാലയങ്ങളിലേയ്ക്കായി ഏതാണ്ട് 1 ലക്ഷം രൂപയുടെ പുസ്‌തകങ്ങളാണ് സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയിരിക്കുന്നത്.
ഈ കർമ്മപദ്ധതിയുടെ ഉദ്ഘാടനം 21.2.2024 ബുധനാഴ്ച്ച 2 ന് രാമപുരം RVMUPS ഹാളിൽ സന്തോഷ് ജോർജ് കുളങ്ങര നിർവഹിക്കുന്നതാണ്. അന്നേദിവസം രാവിലെ 9.30 മുതൽ പഞ്ചായത്തിലെ HS, UP വിഭാഗം സയൻസ് ക്ലബ്ബ് ഭാരവാഹികൾക്ക് സോപ്പ് നിർമ്മാണ പരിശീലനവും തുടർന്ന് ശാസ്ത്രത്തിന്റെ രീതികൾ പരിചയപ്പെടുത്തുന്ന പ്രയോഗിക പരീക്ഷണക്ലാസ്സും ഉണ്ടായിരിക്കുന്നതാണ്.
സോപ്പ് നിർമ്മാണ പരിശീലനത്തിന് ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ പ്രസിഡൻ്റ് സുരേഷ് കുമാറും സംസ്ഥാന നിർവാഹക സമിതിംഗം സനൽ കുമാറും നേതൃത്വം നൽകും. ശാസ്ത്ര പരീക്ഷണങ്ങളവതരിപ്പിക്കുന്നത് സംസ്ഥാന നിർവാഹക സമിതിംഗവും തുരുത്തിക്കര മാതൃകാപരിഷത് ഗ്രാമത്തിൻ്റെ സ്രഷ്ടാവുമായ പി.എ.തങ്കച്ചൻ തുരുത്തിക്കരയാണ്.