കോട്ടയം: ഭരണമികവിനു തദ്ദേശസ്ഥാപനങ്ങൾക്കു സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി പുരസ്‌കാരത്തിൽ ഹാട്രിക് മികവുമായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്. തുടർച്ചയായ രണ്ടാംതവണയാണ് സംസ്ഥാനതലത്തിൽ മികച്ച ഗ്രാമപഞ്ചായത്തിനുള്ള മൂന്നാം സ്ഥാനം മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് നേടിയെടുക്കുന്നത്.
2020-21 വർഷം കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫിയിൽ രണ്ടാം സ്ഥാനത്തായിരുന്നു മരങ്ങാട്ടുപിള്ളി. കാർഷിക മേഖലയായ മരങ്ങാട്ടുപിള്ളി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രഥമ പരിഗണന നൽകി നിരവധി പദ്ധതികൾ നടപ്പാക്കി. സ്ത്രീകൾക്കും കുട്ടികൾക്കും കൃഷിയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിന് പ്രത്യേകപദ്ധതികൾ നടപ്പാക്കി.
കാർഷികമേഖലയിൽ ഗ്രാമപഞ്ചായത്തിന്റെ ഇടപെടലുകളിലൂടെ കൃഷി, മൃഗസംരക്ഷണം, ക്ഷീര മേഖലകളിൽ ഗ്രാമപഞ്ചായത്തിലെ നിരവധി പേർക്ക് സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചു. ജനപ്രതിനിധികൾ തന്നെ നേരിട്ടു നെൽകൃഷിയും പൂകൃഷിയും നടത്തി മരങ്ങാട്ടുപിള്ളി വേറിട്ടുനിന്നു. കഴിഞ്ഞ വർഷം നടത്തിയ മരങ്ങാട്ടുപിള്ളി ഫെസ്റ്റും ഏറെ ജനശ്രദ്ധ ആകർഷിച്ചു.
ആരോഗ്യമേഖലയിൽ മരങ്ങാട്ടുപള്ളി പഞ്ചായത്ത് നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. ആയുർവേദ ആശുപത്രിക്ക് എൻ.എ.ബി.എച്ച് ആക്രെഡിറ്റേഷൻ കിട്ടിയതും മികവിനുള്ള അംഗീകാരമായി. ആയുർവേദ ആശുപത്രി വഴി നടപ്പാക്കുന്ന യോഗ പരിശീലനം ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാൻ വഴിയൊരുക്കും. തൈറോയ്ഡ് ക്യാൻസർ രോഗ പരിശോധന ക്യാമ്പുകളും ഏറെ ഫലപ്രദമായി നടപ്പിലാക്കി. ഭിന്നശേഷി ശിശു വയോജന സൗഹൃദമായ നിരവധി പദ്ധതികൾ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു.