പാലാ: ബജറ്റിൽ പാലായ്ക്കായി നിരവധി പദ്ധതികൾ. നടപ്പാക്കി എടുക്കും വരെ പിന്നാലെ നടക്കുവാൻ ആളുണ്ടാവണം എന്നു മാത്രം.
കായിക മേഖലയ്ക്കായി സിന്തറ്റിക് ട്രാക്കിൻ്റെ പുനരുദ്ധാരണത്തിനും സ്റ്റേഡിയം നവീകരണത്തിനുമൊപ്പം ഗ്യാലറിക്കും സ്പോർട്ട്സ് അക്കാഡമിക്കും തുക ഉൾപ്പെടുത്തിയിട്ടുണ്ട്. സിന്തറ്റിക് ട്രാക്ക് നവീകരിക്കുവാൻ നടപടി ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ദിവസം ജോസ്.കെ.മാണി എം.പി മുഖ്യമന്ത്രിയുമായും ധനകാര്യ മന്ത്രിയുമായും നടത്തിയ ചർച്ച ഫലം കണ്ടു. ഇതേ തുടർന്ന് എസ്റ്റിമേററ് തുകയായ 7 കോടി രൂപയും അനുവദിച്ചു.
ഇതോടൊപ്പം മീനച്ചിലാറിനു കുറുകെ അരുണാപുരത്ത് റെഗുലേറ്റർ കം ബ്രിഡ്ജിനായി 3 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ടൂറിസം മേഖലയ്ക്കായി ഇല്ലിക്കകല്ലിൽ റോപ് വേയ്ക്കും യാത്രിനിവാസിനും തുക കൊള്ളിച്ചിട്ടുണ്ട്.
പാലായിൽ റബ്ബർ അധിഷ്ഠിത വ്യവസായ പാർക്ക്, അരുണാപുരത്ത് വിനോദ പാർക്ക് എന്നിവയ്ക്കും കൊട്ടാരമറ്റത്ത് ഫ്ലൈ ഓവറിനും സംസ്ഥാന പാതയിൽ മഴക്കാലത്ത് വെള്ളക്കെട്ട് രൂപം കൊണ്ട് ഗതാഗതം മുടങ്ങുന്ന മൂന്നാനി ഭാഗം ഉയർത്തുന്നതിനും തുക വകകൊള്ളിച്ചിട്ടുണ്ട്.
പഴുക്കാക്കാനം - പാമ്പനാകവല - കുമ്പളങ്ങാനം റോഡ്, കാഞ്ഞിരം കവല - മേച്ചാൽ - നരിമറ്റം - കോലാനി റോഡുകൾ ബി.എം & ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിനും തുകകൊള്ളിച്ചു. മുത്തോലി -ഇടയാററ് റോഡിൽ പാലം, തലപ്പുലം ഹരിജൻ വെൽഫെയർ സ്കൂൾ നിർമ്മാണം, പാലാ ജനറൽ ആശുപത്രിയിൽ കാത്ത് ലാബിനും, ആശുപത്രിയിലേക്കുള്ള റോഡ് വികസനത്തിനും ബജറ്റിൽ ശുപാർശയുണ്ട്.