പാലാ: പാലാ സെന്റ് തോമസ് കോളേജും കേരള സംസ്ഥാന യുവജന കമ്മീഷനും കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സെന്റ് തോമസ് കോളേജ് ക്യാമ്പസിൽ വച്ച് ‘കരിയർ എക്സ്പോ – ദിശ’ എന്ന പേരിൽ മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. 2024 ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 8.30 ന് ആരംഭിക്കുന്ന തൊഴിൽമേള പാലാ രൂപതാദ്ധ്യക്ഷനും കോളേജിന്റെ രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വച്ച് ജോസ് കെ.മാണി എം.പി. ഉദ്ഘാടനം ചെയ്യും.
വിവിധ തൊഴിൽ മേഖലകളിൽ നിന്നായി 50 ലേറെ കമ്പനികൾ 3000 ൽ പരം തൊഴിലവസരങ്ങളിലേയ്ക്ക് നടത്തുന്ന തൊഴിൽമേളയിൽ SSLC മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യമായ തൊഴിൽമേളയിലേയ്ക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. ഒരു ഉദ്യോഗാർത്ഥിക്ക് പരമാവധി അഞ്ച് കമ്പനികളുടെ അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കുമെന്നതിനാൽ തൊഴിൽ മേളയിൽ പങ്കെടുക്കാൻ എത്തുന്നവർ ബയോഡേറ്റയുടെയും പാസ്പോർട്ട് സൈസ് ഫോട്ടോയുടെയും അഞ്ച് കോപ്പികളും ആവശ്യമായ സർട്ടിഫിക്കറ്റുകളും കൊണ്ടുവരേണ്ടതാണ്.
കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ ഷാജർ എം., യുവജന കമ്മീഷൻ അംഗം അഡ്വ. അബേഷ് അലോഷ്യസ്, കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ സജയൻ ജി, വൊക്കേഷണൽ ഗൈഡൻസ് എംപ്ലോയ്മെന്റ് ഓഫീസർ ഗോപകുമാർ പി.റ്റി, കോളേജ് പ്ലേസ്മെന്റ് കോർഡിനേറ്റർ അലീന ആൻ മാത്യു എന്നിവർ തൊഴിൽമേളയ്ക്ക് നേതൃത്വം നൽകും.
വിവിധ കോഴ്‌സുകളിൽ പഠനം പൂർത്തിയാക്കിയതിനു ശേഷം ആദ്യജോലി നേടാൻ ശ്രമിക്കുന്നവരും പലവിധ കാരണങ്ങളാൽ ജോലിയിൽ തുടർച്ച നഷ്ടപ്പെട്ടവരും നേരിടുന്ന ബുദ്ധിമുട്ടുകൾ മറികടക്കാൻ തൊഴിൽ മേളകൾ സഹായകമാണെന്നും പുതിയ ജോലിയോ തൊഴിൽമാറ്റമോ ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതൾക്കനുസരിച്ചുള്ള ജോലികൾ കരസ്ഥമാക്കാൻ ഉപയുക്തമാകുന്ന വിധത്തിലാണ് ‘കരിയർ എക്സ്പോ – ദിശ’ സംഘടിപ്പിച്ചിരിക്കുന്നത്.
തൊഴിലന്വേഷകർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. ജയിംസ് ജോൺ മംഗലത്ത്, വൈസ് പ്രിൻസിപ്പൽമാരായ പ്രൊഫ.ഡോ. ഡേവിസ് സേവ്യർ, ഡോ.കുര്യാക്കോസ് കാപ്പിലിപ്പറമ്പിൽ, ബർസാർ ഫാ.മാത്യു ആലപ്പാട്ടുമേടയിൽ, സി.എച്ച്.ആർ.ഡി. ഡയറക്ടർ ഡോ.ജയിംസ് വർഗ്ഗീസ് എന്നിവർ അഭിപ്രായപ്പെട്ടു. പങ്കെടുക്കുന്ന കമ്പനികളുടെയും ലഭ്യമായ ഒഴിവുകളുടെയും വിവരങ്ങൾക്കായി https://www.stcp.ac.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.