പാലായിലെയും സമീപ പ്രദേശങ്ങളിലേയും ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ആവശ്യമായ ഉപകരണ സഹായം ലഭ്യമാക്കുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായി പാലാ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്യാമ്പ് ഫെബ്രുവരി 19 ന് (തിങ്കൾ) നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നഗരസഭാ ഓഫീസിനു മുൻഭാഗത്തുള്ള ഓപ്പൺ ആഡിറ്റോറിയത്തിലാണ് ക്യാമ്പ് നടത്തുക. തിങ്കളാഴ്ച രാവിലെ 9.30 ന് ജോസ്.കെ.മാണി എം.പി.ക്യാമ്പ് ഉദ്ഘാടനം ചെയ്യും. റോട്ടറി ക്ലബ് പ്രസിഡണ്ട് ഡോ.ജോസ് കോക്കാട്ട് അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ ഷാജു.വി.തുരുത്തൻ മുഖ്യപ്രഭാഷണം നടത്തും.
കേന്ദ്ര സർക്കാരിൻ്റെ വിവിധ വകുപ്പുകളുമായി സഹകരിച്ച് നഗരസഭ, ത്രിതല പഞ്ചായത്തുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുമായി സഹകരിച്ചാണ് ഉപകരണ സഹായ പദ്ധതി നടപ്പാക്കുന്നത്. എൻ.സി.എസ്.സി, അലിംകോ എന്നീ സ്ഥാപനങ്ങൾ ഈ പദ്ധതിയിൽ പങ്കാളികളാകുന്നുണ്ട്. 60 കഴിഞ്ഞ വയോജനങ്ങൾക്കായി കേന്ദ്ര സർക്കാരിന്റെ 'രാഷ്ട്രീയ വയോ ശ്രീ യോജന' പദ്ധതിയിൽ ഉൾപ്പെടുത്തി സഹായ ഉപകരണങ്ങൾ ലഭ്യമാക്കും. അർഹരായ ഗുണഭോക്താക്കളെ ക്യാമ്പിൽ വച്ച് തെരഞ്ഞെടുക്കും.
പഞ്ചായത്ത് മേഖലകളിൽ ഉള്ളവർക്കും ഈ ക്യാമ്പിൽ സംബന്ധിക്കാവുന്നതാണ്. മെഡിക്കൽ ബോർഡ് നൽകിയിരിക്കുന്ന നാൽപത് ശതമാനം വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജനപ്രതിനിധികൾ നൽകുന്ന വരുമാന സർട്ടിഫിക്കററ്, മേൽവിലാസം തെളിയിക്കുന്ന രേഖ, ഫോട്ടോ എന്നിവ സഹിതം ക്യാമ്പിൽ പങ്കെടുക്കണം. അർഹരാകുന്നവർക്ക് ഉപകരണങ്ങൾ ലഭ്യമാക്കും.
ഹിയറിംഗ് എയ്‌ഡ്, സ്മാർട്ട് ഫോൺ (കാഴ്ച്ചയില്ലാത്തവർക്), സ്മാർട്ട്കെയ്ൻ, ബെയ്ലികെയ്ൻ ഫോൾഡിങ്, ബെയ്‌ലി കിറ്റ്, ബെയ്‌ലി സ്ലേറ്റ്, സി പി വീൽചെയർ ,ആർട്ടിഫിഷ്യൽ ലിംപ്, റോളേറ്റർ, വോക്കിംഗ് സ്റ്റിക്, ആക്സിലറി ക്രച്ചസ്, എൽബോക്രൂസ്, ട്രൈസൈക്കിൾ എന്നിങ്ങനെയുള്ള 15പരം ഉപകരണങ്ങളാണ് ലഭ്യമാക്കുക. വയോജനങ്ങൾക്ക് മറ്റ് ഉപകരണങ്ങളും ലഭ്യമാക്കും. 60 കഴിഞ്ഞ മുതിർന്ന പൗരൻമാർ പ്രായം തെളിയിക്കുന്ന ഏതെങ്കിലും രേഖയോ ആധാർ കാർഡിൻറെ പകർപ്പോ കൂടി സമർപ്പിക്കേണ്ടതാണ്.
പത്രസമ്മേളനത്തിൽ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ, റോട്ടറി ക്ലബ് സെക്രട്ടറി ജിമ്മി ചെറിയാൻ, കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, ജയ്‌സൺ മാന്തോട്ടം എന്നിവർ പങ്കെടുത്തു.