കോട്ടയം : സംസ്ഥാന ബജറ്റിൽ കോട്ടയം ജില്ലയ്ക്ക് അർഹമായ പരിഗണന ലഭിച്ചതായി മന്ത്രി വി എൻ വാസവൻ പറഞ്ഞു. റബർ കർഷകരുടെ ആവശ്യമായ സബ്‌സിഡി വർദ്ധനവ് സർക്കാർ നടപ്പിലാക്കി. പത്തു രൂപയുടെ വർദ്ധനയാണ് സബ്‌സിഡി തുകയിൽ വരുത്തിയിരിക്കുന്നത്.
കേന്ദ്ര സർക്കാർ റബർ കർഷകരെ പാടെ അവഗണിക്കുന്ന സമീപനം തുടരുന്നതിനിടയിലാണ് സംസ്ഥാനത്തിന്റെ ഈ നടപടി. ജില്ലയിലെ പ്രധാന പദ്ധതികൾക്ക് മാത്രമായി 100 കോടി രൂപയോളമാണ് അനുവദിച്ചിരിക്കുന്നത്.
എയിംസ് നിലവാരത്തിലേക്ക് ഉയരുന്ന കോട്ടയം മെഡിക്കൽ കോളജിലെ ഓങ്കോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിനായി ചികിത്‌സാ ഉപകരണങ്ങൾ വാങ്ങുന്നതിനും, ആശുപത്രയിൽ സ്‌ട്രോക്ക് സെന്റർ സ്ഥാപിക്കുന്നതിനും പണം അനുവദിച്ചു. 32 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാർ പുതുതായി വിഭാവനം ചെയ്തിരിക്കുന്ന മെഡിക്കൽ ടൂറിസം പദ്ധതിയിലും കോട്ടയം മെഡിക്കൽ കൊളേജിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളൂരിൽ നിർമ്മാണം പുരോഗമിക്കുന്ന കേരള റബർ ലിമിറ്റഡിനായി 9 കോടി രൂപയാണ് ഈ ബജറ്റിൽ അനുവദിച്ചിരിക്കുന്നത്.