Hot Posts

6/recent/ticker-posts

കീഴ്ക്കോയിക്കലും തീക്കോയി ആച്ചുക്കാവ് ക്ഷേത്രവും


ആച്ചുക്കാവ്- നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ബാലഭദ്ര ക്ഷേത്രം

കോട്ടയം ജില്ലയുടെ കിഴക്കൻ മലയോരത്ത് പൂഞ്ഞാർ സ്വരൂപത്തിന് കീഴിൽ രാജഭരണം ആരംഭിച്ച കാലം. AD 1400 ൽ കീഴ്ക്കോയിക്കൽ എന്ന് പേരുള്ള ദേശം. അതായത് ഇന്നത്തെ തീക്കോയി.

തീക്കോയിയുടെ വടക്കു കിഴക്കു ദിക്കിലായി കുടംവെട്ടി കുന്നിനപ്പുറം ആലപ്പട്ടാർ എന്ന ജന്മിയുടെ തറവാട്. കാവും കുളവും ഒക്കെ ഉള്ള ആലപ്പാട്ട് തറവാട്ടിലെ പൂജാമുറിയിൽ പരമശിവനേയും ഭദ്രകാളി ദേവിയേയും ഉപാസിച്ചിരുന്നു.

തീക്കോയില്‍ നിന്നും ആച്ചൂക്കാവ് ദേവീ മഹേശ്വര ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം

ഏവരും സന്തോഷത്തോടെ ജീവിക്കുമ്പോഴാണ് മറവപടയുടെ ആക്രമണത്തിൽ ഒരുപാട് പേർ കൊല്ലപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നത്. ജീവനും സ്വത്തും എല്ലാം നഷ്ടപ്പെട്ട് ജനങ്ങളൊന്നാകെ ഇന്നത്തെ പൂഞ്ഞാർ, അമ്പാറ തുടങ്ങി മറ്റു പ്രദേശങ്ങളിലേക്ക് നാട് വിട്ടു. അതോടെ ആലപാട്ട് തറവാടും പ്രദേശമാകെയും അന്യാധീനപെട്ടു പോകുകയും വനമായി മാറുകയും ചെയ്തു. 
വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു ദിവസം ആലപ്പാട്ട് കാരണവർ വീണ്ടും ആലപ്പാട് തൻ്റെ അവകാശ ഭൂമിയിലേക്ക് പോകാൻ തീരുമാനിച്ചു. ആൾ താമസമില്ലാതെ കിടക്കുന്ന കെട്ടിടവും കൃഷിയിടവും കാവും കുളവും ഒക്കെ നവീകരിച്ച് വീണ്ടും താമസമാരംഭിക്കണം കൃഷിയിറക്കണം. അർത്ഥരാത്രി അദ്ദേഹം അമ്പാറ യിൽ നിന്നും നടന്നു തുടങ്ങി. നേരം പുലരുമ്പോൾ കീഴ്ക്കോയിക്കലുള്ള ആലപ്പാട്ട് തറവാട്ടിലെത്തണം.
ഇന്നത്തെ ഈരാറ്റുപേട്ടക്ക് ശേഷമുള്ള നടക്കൽ ദേവീ ക്ഷേത്രം പിന്നിട്ടപ്പോൾ പെട്ടെന്ന് വലിയ കൊടുങ്കാറ്റുണ്ടായി. ഒപ്പം പേമാരിയും. ശക്തമായ കാറ്റിൽ കയ്യിലുണ്ടായിരുന്ന വെളിച്ചം അണയുകയും അദ്ദേഹത്തിന് കാട്ടിൽ വഴി തെറ്റുകയും ചെയ്തു.
ദേവീ ഭക്തനായ ആലപ്പട്ടാർ ആകെ വിഷമിച്ചു. ആലപ്പാട്ട് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാനും തറവാട്ടിലെ പൂജ മുറിയിൽ മുടങ്ങിയ നിത്യപൂജ പുനരാരംഭിക്കാനും ആഗ്രഹിച്ച്  ഇറങ്ങിപ്പുറപ്പെട്ട തനിക്ക് ഉണ്ടായ ദുർവിധിയോർത്ത് ആദിപരാശക്തിയോട് കരഞ്ഞു പ്രാർത്ഥിച്ചു.
ഒട്ടും വൈകിയില്ല. കാറ്റും മഴയും ശമിച്ചു. ആലപ്പട്ടാരുടെ മുന്നിൽ വഴിയെ ഒരു കൊച്ചു പെൺകുട്ടി കയ്യിൽ വിളക്കുമായി നടന്നു പോകുന്നു. കുട്ടിക്കരികിലേക്ക് ഓടിയെത്തിയ ആലപ്പട്ടാർ കുട്ടി എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ചു. എനിക്ക് ആരുമില്ലെന്നും എങ്ങോട്ടാണ് പോകേണ്ടതെന്ന് അറിയില്ലെന്നും കുട്ടി പറഞ്ഞു. 
ഒറ്റക്ക് അപകടകരമായ കാട്ടിലൂടെ നടക്കുന്ന ബാലികയുടെ മുഖത്ത് സാധാരണ കാണേണ്ട ഭയത്തിന് പകരം ദൈവ ചൈതന്യം തുളുമ്പുന്നത് ആലപ്പട്ടാരിൽ അത്ഭുതവും ധൈര്യവും പകർന്നു.
ഇരുട്ട് മാറി പ്രഭാതമായി. അദ്ദേഹം കുട്ടിയെ തനിക്കൊപ്പം തറവാട്ടിലേക്ക് പോരാൻ ക്ഷണിച്ചു. താമസിക്കാനിടവും ഭക്ഷണവും വസ്ത്രവും നൽകാമെന്നും ചെറിയ ജോലികൾ ചെയ്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
അത് സമ്മതിച്ച കുട്ടി ഞാൻ ഒരിക്കലും എച്ചിൽ പാത്രം എടുക്കില്ലെന്നും മറ്റെല്ലാ ജോലിയും ചെയ്യാമെന്നും പറഞ്ഞു. കൂടാതെ തന്നെ ഒരിക്കലും അവിശ്വസിക്കുകയോ താൻ ആരാണെന്ന് ചോദിക്കുകയോ ചെയ്യരുതെന്നും കുട്ടി അദ്ദേഹത്തോട് പറഞ്ഞു. ഇരുവരും സമ്മതിച്ച് ആലപ്പാട്ടേക്ക് യാത്ര തുടർന്നു.
ജീർണ്ണാവസ്ഥയിലായ വീട് ഭാഗികമായി മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളു. പൂജാമുറിയും മറ്റു പ്രധാന ഭാഗങ്ങളും നവീകരിച്ച് താമസമാരംഭിച്ചു. 
എച്ചിൽ പാത്രം എടുക്കലും മുറ്റമടിക്കലും ഒക്കെ മറ്റുള്ള വേലക്കാരും, ആലപ്പട്ടാരെ സഹായിക്കാനും പൂജാമുറിയിൽ സഹായി ആയുമൊക്കെ ബാലികയും നിന്നു പോന്നു. വെറ്റില മുറുക്കുന്ന ശീലമുള്ള കാരണവർക്ക് എന്നും മുറ്റത്തു നിന്നും വെറ്റില പറിച്ചു നൽകുന്നത് ഈ ബാലിക ആയിരുന്നു.
ഊണിന് ശേഷം വിശ്രമിക്കുന്ന കാരണവർക്ക് എല്ലാ ദിവസവും നല്ല തളിർ വെറ്റിലതന്നെ കൊണ്ടുവന്നു തരുന്ന ബാലികയെ അദ്ദേഹം ശ്രദ്ധിച്ചു.
മുറ്റത്ത് മാനം മുട്ടെ ഉയർന്നു നിൽക്കുന്ന പാല മരത്തിൻ്റെ മുകളിൽ പടർന്നു കിടക്കുന്ന തളിർ വെറ്റില എങ്ങനെ ഈ കുഞ്ഞിന് എടുക്കാൻ കഴിയും എന്ന് അദ്ദേഹം ആലോചിച്ചു. ഒരു ദിവസം പതിവുപോലെ അദ്ദേഹം വെറ്റില മുറുക്കുന്ന സമയമായപ്പോൾ ബാലിക അറിയാതെ നിരീക്ഷിച്ചു.
ക്ഷേത്ര മുറ്റത്ത് ഇപ്പോഴുള്ള പാലമരം

മുറ്റത്ത് കണ്ട ആ കാഴ്ച അദ്ദേഹത്തെ അത്ഭുത സ്തബ്ദനാക്കി. ആ ബാലിക അതാ പാല മരത്തോളം ഉയരത്തിൽ വളർന്ന് ഒരു കാൽ പലമരത്തിൽ ചവിട്ടി നിന്ന് വെറ്റില പറിക്കുന്നു. തിരിച്ച് സാധാരണ രൂപത്തിൽ തളിർ വെറ്റിലയുമായി കാരണവർക്ക് മുന്നിലെത്തി.
ആശ്ചര്യപ്പെട്ടു പോയ അദ്ദേഹം ചോദിച്ചു. മോളേ നീ ആരാണ്.?

ഇതോടെ നമ്മൾ തമ്മിലുള്ള കരാർ ലംഘിക്കപ്പെട്ടുവെന്ന് വ്യക്തമാക്കി അവൾ പോകാനൊരുങ്ങി. അദ്ദേഹത്തിൻ്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് ഞാൻ ആദി പരാശക്തിയുടെ അവതാരമായ ഭദ്രയാണ് എന്നായിരുന്നു ഉത്തരം. ഇത്രയും പറഞ്ഞ് അവൾ പൂജാമുറി തുറന്ന് അകത്ത് കയറി വാതിലടച്ചു.
അന്നുമുതൽ ആലപ്പാട്ട് തറവാട്ടിലെ പൂജാമുറിയിൽ ബാലഭദ്ര അനുഗ്രഹ ദായിനിയായി നിലകൊണ്ടു. പിന്നീട് മാസത്തിലൊരിക്കൽ ആലപ്പാട്ട് കുടുംബത്തിലെ അവകാശികളാരെങ്കിലും ഇവിടെയെത്തി മുറി തുറന്ന് പൂജകൾ നടത്തിവന്നു. 
ആലപ്പാട്ട് കുടുംബത്തിലെ വംശപരമ്പരയില്‍ പെട്ട പുതിയാത്ത്, പാറയ്ക്കല്‍, ഇടവഴിക്കല്‍, താന്നിക്കല്‍ എന്നീ കുടുംബങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്.
വർഷങ്ങൾ കടന്നുപോയപ്പോൾ നടക്കൽ, പൂഞ്ഞാർ, തിടനാട്, കൊണ്ടൂർ, ഭരണങ്ങാനം, പാലാ എന്നിവിടങ്ങളിൽ നിന്നും ധാരാളം ആളുകൾ വീണ്ടും കീഴ്ക്കോയിക്കലേക്ക് കുടിയേറി.

അനിഷ്ട സംഭവങ്ങളെ തുടർന്ന് അക്കാലത്തെ പ്രസിദ്ധ ജോത്സ്യൻ കൊണ്ടൂർ ചക്രപാണിയെ കൊണ്ട് പ്രശ്നം വയ്പിക്കുകയും പ്രശ്നവിധിപ്രകാരം തറവാടിൻ്റെ പൂജാമുറിയിൽ സ്ഥിതി ചെയ്യുന്ന ദേവീ ചൈതന്യം തറവാട് പൊളിച്ചു നീക്കി ക്ഷേത്രം പണിത് അതിൽ കണ്ണാടി വിഗ്രഹത്തിൽ ആവാഹിച്ച് പ്രതിഷ്ഠിക്കുകയും ചെയ്തു.
ഇതിനിടയിൽ AD 1926 ൽ തീക്കോയി ക്രിസ്ത്യൻ പള്ളി സ്ഥാപിക്കപ്പെട്ടു.  ഇംഗ്ലീഷുകാർ വന്നതോടെ വൻതോതിൽ പാട്ടത്തിന് സ്ഥലമെടുത്ത് തെയില കൃഷിയും പിന്നീട് റബ്ബർ കൃഷിയും ആരംഭിച്ചു. 
സായിപ്പുമാരും തമിഴ് നാട്ടുകാരായ തൊഴിലാളികളും എത്തിയതോടെ  കീഴ്ക്കോയിക്കൽ എന്ന സ്ഥലനാമം പറയാനും എഴുതാനും എളുപ്പമുള്ള തീക്കോയി ആയി പരിണമിച്ചു. തീക്കോയി ടൗണിന് തൊങ്കൽ എന്ന തമിഴ് പേരുമുണ്ട്.

AD 1975 ൽ മംഗളഗിരി ക്രിസ്ത്യൻ പള്ളിയും ഇടവകയും സ്ഥാപിക്കപ്പെട്ടതോടെ കാലക്രമേണ കുടംവെട്ടി കുന്നിൻ്റെ അപ്പുറം ആലപ്പാട്ടിൻ്റെ ഇപ്പുറം മംഗളഗിരി എന്ന പുതിയ സ്ഥലനാമവും നിലവിൽ വന്നു.

വേലക്കാരിയായി അവതരിച്ച ആദിപരാശക്തി ദേവിയുടെ ക്ഷേത്രം അച്ചി ക്കാവും പിന്നീട് ആച്ചുക്കാവും ആയി മാറി. തൻ്റെ ഭക്തർക്ക്, പ്രത്യേകിച്ച് സ്ത്രീ ജനങ്ങൾക്ക് ശക്തിയും ധൈര്യവും സർവ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ആച്ചുക്കാവിലമ്മയുടെ പേരും പെരുമയും നാൾക്കുനാൾ വർധിക്കുകയാണ്.
എല്ലാ വർഷവും മീന മാസത്തിലെ പൂരം നാളിൽ ആച്ചുക്കാവിൽ പ്രതിഷ്ഠ മഹോത്സവം നടന്നുവരുന്നു. ഉത്സവത്തോടനുബന്ധിച്ചുള്ള പൊങ്കാലയും സ്ത്രീകൾ മാത്രം ഒത്തുചേർന്ന് വെള്ളിയാഴ്ചകളിൽ ദേവിക്ക് മുന്നിൽ നടത്തുന്ന വിളിച്ചു ചൊല്ലി പ്രാർത്ഥനകളും പ്രശസ്തമാണ്.
ഇപ്പൊഴുള്ള ക്ഷേത്രത്തിന് മുന്‍പ് ഉണ്ടായിരുന്ന ക്ഷേത്രം

ആച്ചൂക്കാവ് ദേവീ മഹേശ്വര ക്ഷേത്രം ഇന്ന്










 
ക്ഷേത്രത്തിൽ നിത്യപൂജ നിർബന്ധമായതോടെ ക്ഷേത്രത്തിൻ്റെ ഭരണം പ്രദേശത്തെ പ്രമുഖ കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച ഹൈന്ദവ സംഘടനയുടെ കൈകളിലായി. തുടർന്ന് പൂഞ്ഞാർ എസ് എൻ ഡി പി ശാഖ ക്ഷേത്ര ഭരണം ഏറ്റെടുത്തു. 1977 ജനുവരി രണ്ടാം തീയതി തീക്കോയിയിലെ ശ്രീനാരായണീയര്‍ ഒത്തുചേര്‍ന്ന് തീക്കോയി എസ് എന്‍ ഡി പി ശാഖ രൂപവത്കരിക്കുകയും എസ് എന്‍ ഡി പി യോഗത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
പിന്നീട് നടന്ന ദേവപ്രശ്നത്തിൽ തെളിഞ്ഞത് പ്രകാരം ദേവിയോടൊപ്പം ഉണ്ടായിരുന്ന മഹാദേവ വിഗ്രഹം സമീപത്തായി മറ്റൊരു ക്ഷേത്രം സ്ഥാപിച്ച് പ്രതിഷ്ഠിച്ചു. ക്ഷേത്രത്തിൻ്റെ പേര് ആച്ചുക്കാവ് ദേവീ- മഹേശ്വര ക്ഷേത്രം എന്ന് പുനർ നാമകരണം ചെയ്തു.
പുതുതായി നിര്‍മ്മിച്ച ശിവ ക്ഷേത്രം




 
ആച്ചുക്കാവും ആറാട്ടുകടവും! രക്ഷയും ശിക്ഷയും ഇവിടെ തന്നെ!
ആദിപരാശക്തിയുടെ അവതാരമായ ബാലഭദ്ര കുടികൊള്ളുന്ന ക്ഷേത്രമാണ് ആച്ചുക്കാവ്. തളിർ വെറ്റക്കൊടി പടർന്നു കയറിയ ഏഴിലംപാലച്ചുവട്ടിൽ 
ആച്ചുക്കാവിലമ്മ അഭീഷ്ട വരദായിനിയായി പ്രശോഭിക്കുന്നു.
പ്രസന്ന വദനയായി തൻ്റെ ഭക്തർക്ക് ദർശനം നൽകി അനുഗ്രഹം ചൊരിയുന്ന ദേവി ആരെയും വേദനിപ്പിക്കില്ല. ദുഖങ്ങളിൽ നിന്നും കരകയറ്റുന്ന, എല്ലാം ക്ഷമിക്കുന്ന, പ്രയാസമനുഭവിക്കുന്ന ഭക്തരുടെ മനസ്സിൽ നല്ല വഴി തെളിക്കുന്ന ദേവിയുടെ അനുഗ്രഹം ആ ശ്രീകോവിലിന് മുന്നിൽ നിന്ന് നേരിൽ കണ്ട് തൊഴുന്നവർക്ക് ബോധ്യമാകും.

എന്നാൽ ഭയ ഭക്തിയോടെ മാത്രം സമീപിക്കേണ്ട, വിശുദ്ധിയും പവിത്രതയും നിർബന്ധമായും പാലിക്കേണ്ട ദേവിയുടെ ആറാട്ട് കടവിലെ ആൽച്ചുവട്. ഉഗ്ര രൂപത്തിലുള്ള ഭദ്രകാളി ദേവിയുടെ ഇരിപ്പിടം അവിടെയാണ്. ആച്ചുക്കാവ് ക്ഷേത്രത്തിൻ്റെ മുറ്റത്തു കൂടി ഒഴുകിയെത്തുന്ന തോട് മീനച്ചിലാറിൽ ചേരുന്ന സംഗമ സ്ഥാനത്താണ് ദേവിയുടെ ആറാട്ട് കടവ്.

ആറാട്ട് കടവിന് സമീപത്തായി ഒരു വലിയ പാറയിൽ വേരുകൾ പടർത്തി വളർന്നു നിൽക്കുന്ന വലിയൊരു അത്തിമരത്തിൻ്റെ ചുവട്ടിൽ ദേവീ സാന്നിധ്യം ക്ഷേത്രത്തിൻ്റെ ഉൽപത്തി കാലം മുതൽ പ്രശസ്തമാണ്. എന്നാൽ നിത്യ പൂജക്കോ പ്രാർത്ഥനകളുമായോ പോലും ആരും അവിടേക്ക് പോകാറില്ല.

ആറാട്ട് ദിവസവും മാസത്തിലൊരിക്കലും വിളക്ക് വക്കുന്ന ചടങ്ങു മാത്രം നടക്കുന്നുണ്ട്. പ്രകൃതിയുമായി ആഴത്തിൽ ലയിച്ച് മീനച്ചിലാറിൻ്റെ തീരത്ത് പരിലസിക്കുന്ന ദേവിയുടെ സ്വൈര്യ വിഹാരത്തിന് വിഘ്നം ഉണ്ടാവാതിരിക്കാൻ ആണിതെന്ന് വിശ്വസിക്കുന്നു.
മീനച്ചിലാറിന്‍റെ തീരത്തെ ആറാട്ട് കടവിലെ അത്തി ചുവട്




 
ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു പക്ഷേ വിശ്വാസിയല്ലെന്ന ആത്മ വിശ്വാസത്തോടെയാകാം നട്ടുച്ച നേരത്തും ത്രിസന്ധ്യ നേരത്തും മുന്നിൽ തെളിഞ്ഞ അമാനുഷികമായ കാഴ്ചയെ നേരിൽ നിന്ന് വെല്ലുവിളിച്ചവർക്ക് പിന്നീട് സംഭവിച്ചതെന്തെന്ന് ഇന്നും വ്യക്തമായി തീക്കോയിലെ പ്രദേശ വാസികളുടെ ഓർമ്മയിലുണ്ട്. 

അത്തിമരത്തിന്റെ ചുവട്ടിൽ വിളക്കു വയ്ക്കുന്നതിനായി പതിറ്റാണ്ടുകൾക്ക് മുമ്പേ ചെറിയൊരു മന്ദിരം നിർമ്മിച്ചിട്ടുണ്ട്. ഭദ്രകാളി ദേവീയുടെ ചൈതന്യത്തെ ഒരിക്കൽ ആവാഹിക്കാൻ ശ്രമിച്ച ഒരു മാന്ത്രികൻ ദുർമരണപ്പെടുകയും അദ്ദേഹത്തിന്റെ കുടുംബക്കാരുടെ പ്രായശ്ചിത്തമായാണ് ഈ മന്ദിരം ദേവിക്കായി പണികഴിപ്പിച്ച് നൽകിയതെന്നുമാണ് വിശ്വാസം.

മനുഷ്യൻ കേവലം മനുഷ്യൻ മാത്രമാണെന്നും പ്രകൃതിക്കും ദൈവിക ശക്തിക്കും താഴെയാണെന്നും വിശ്വസിക്കുന്നവർ ഒരിക്കലും അവയോട് ഒരു മത്സരത്തിന് മുതിരില്ല. താൻ സ്വന്തം കണ്ണുകൊണ്ട് കാണാത്തതൊന്നും ഇല്ലെന്ന് വിശ്വസിക്കുന്നവർ സ്വയം അവയെ അനുഭവിച്ച് അറിയുന്ന സാഹചര്യം കാലങ്ങളായി ലോകത്ത് എവിടെയും ഉണ്ടാവാറുണ്ട്. അവരേക്കാൾ കൂടുതൽ വിവേകമതികൾ ഭൂമിയിൽ ഇന്നും അവയെ വിശ്വസിച്ച് ജീവിക്കുന്നു എന്ന സത്യം മനസിലാക്കാൻ കഴിയുന്നവർക്ക് ദുഖിക്കേണ്ടിവരില്ലെന്ന് സാരം.

എഴുത്ത്- പ്രിന്‍സ് ബാബു


Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു