പൊൻകുന്നം: അരവിന്ദ ആശുപത്രിയുടെ ഒരു വർഷത്തിനുള്ളിൽ 10000 പേർക്ക് സൗജന്യ ഡയാലിസിസ് ചെയ്യുന്ന അമൃത സ്പർശം പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര ന്യുനപക്ഷ ക്ഷേമ, ഫിഷറീസ്, മൃഗ സംരക്ഷണ വകുപ്പ് സഹ മന്ത്രി അഡ്വ: ജോർജ് കുര്യൻ ശനിയാഴ്ച ഉച്ചക്ക് 1:30നു (20/07/2024) ഉദ്ഘാടനം ചെയ്യുന്നു.
യോഗത്തിൽ ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സി ആർ ശ്രീകുമാർ അധ്യക്ഷത വഹിക്കും. ദാരിദ്ര്യത്തിനൊപ്പം മാറാരോഗങ്ങളും നിത്യദുഃഖമായി മാറിയ നിരവധി കുടുംബങ്ങളുണ്ട് നമ്മുടെ സമൂഹത്തിൽ. ചികിത്സക്കായി വേണ്ടി വരുന്ന കനത്ത ചെലവ് പലപ്പോഴും അവരെ നിരാലംബരാക്കി മാറ്റുന്നു. വൃക്കരോഗം അങ്ങിനെയുള്ള ഒന്നാണെന്ന് പറയേണ്ടതില്ലല്ലോ.
ചിലവേറിയ ചികിത്സ ഏല്പിക്കുന്ന കനത്ത ആഘാതം വൃക്കരോഗികളുടെ കുടുംബാന്തരീക്ഷം താറുമാറാക്കുന്നു. ഡയാലിസിസീനും മരുന്നിനുമായി ആഴ്ച തോറും വേണ്ടിവരുന്ന വലിയ തുക പലർക്കും താങ്ങാവുന്നതിനുമപ്പുറമാണ്. ഏറെ ആശങ്കയുണർത്തുന്ന ഒരു സാഹചര്യമാണിത്.
സുമനസ്സുകളുടെ സഹായഹസ്തങ്ങളാൽ ഈ പ്രതിസന്ധിയെ കൂട്ടായി മറികടക്കുക എന്ന പൂർണ്ണ ലക്ഷ്യത്തോടെ ആണ് അരവിന്ദ ഹോസ്പിറ്റൽസ് "അമൃത സ്പർശം" എന്ന പദ്ധതിക്ക് രൂപം നൽകിയത്.