Hot Posts

6/recent/ticker-posts

ഭക്ഷണമെനുവില്‍ മണല്‍ മുതല്‍ കോണ്‍ക്രീറ്റുവരെ: ഭരണങ്ങാനത്ത്‌ ശല്യമായി ആഫ്രിക്കന്‍ ഒച്ച്


മഴ പെയ്തുതുടങ്ങിയതോടെ ഭരണങ്ങാനത്ത്‌ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം ഇരട്ടിച്ചു. വീട്ടുവളപ്പിലെ കൃഷിവിളകള്‍ കൂട്ടമായി ആക്രമിച്ച് നശിപ്പിക്കും. എന്ത് ചെയ്യണമെന്നറിയാതെ നാട്ടുകാര്‍ വ്യാകുലപ്പെടുകയാണ്.
ചെടികള്‍ തിന്നും. മണല്‍, സിമന്റ്, കോണ്‍ക്രീറ്റുവരെ ഇവയുടെ ഭക്ഷണമെനുവിലുണ്ട്. കിണറ്റില്‍ വീണാലോ കുടിവെള്ളത്തിനും നിറവ്യത്യാസം. കറിയുപ്പ് വിതറി കൊല്ലാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ അമിതമായ ഉപ്പിന്റെ ഉപയോഗം മണ്ണിന്റെ രാസഘടനയില്‍ മാറ്റം ഉണ്ടാക്കി കൃഷിക്ക് അനുയോജ്യമല്ലാതാക്കുമോയെന്നാണ് നാട്ടുകാര്‍ക്ക് ഭയം. 
ലോകത്തെ പ്രധാനപ്പെട്ട നൂറ് അക്രമി ജീവിവര്‍ഗങ്ങളില്‍പ്പെട്ട ഭീമന്‍ ആഫ്രിക്കന്‍ ഒച്ച് കാര്‍ഷികലോകത്തെ വിറപ്പിക്കാന്‍ മഴക്കാലത്താണെത്തുക. കേരളത്തിലെ പല സ്ഥലങ്ങളും ഇവയുടെ ആക്രമണത്തില്‍ വലിയ കൃഷിനാശമാണ് സംഭവിക്കുന്നത്. വിളകളടക്കമുള്ള വിവിധ സസ്യങ്ങളെ മുച്ചൂടും തിന്നു നശിപ്പിക്കുക മാത്രമല്ല, കുടിവെള്ള സ്രോതസ്സുകള്‍, വീടുകളിലെ താരതമ്യേന തണുപ്പും ജലാംശവുമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കൂട്ടമായെത്തി കാഷ്ഠവും സ്രവവും കൊണ്ട് മലിനമാക്കുകയും ചെയ്യും. ചത്ത ഒച്ചുകള്‍ ചീയുമ്പോള്‍ അസഹ്യമായ ദുര്‍ഗന്ധമുണ്ടാകും. കാര്‍ഷികലോകത്തിനും പരിസ്ഥിതിക്കും ഇവയേല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്.
1847-ല്‍ പശ്ചിമ ബംഗാളിലാണ് ഇന്ത്യയിലാദ്യമായി ഇവയെ കണ്ടുതുടങ്ങിയത്. 1970-കളില്‍ പാലക്കാട്ടെത്തി. അക്കാറ്റിന ഫൂലിക്ക (Achatina fulica) എന്നാണ് ശാസ്ത്രനാമം. 2005 മുതലാണ് കേരളത്തിലങ്ങോളമിങ്ങോളം ഈ ഒച്ചുകളെ കണ്ടുതുടങ്ങിയത്. ആറുമുതല്‍ 10 വര്‍ഷംവരെ ജീവിച്ചിരിക്കും. പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ 20 സെന്റീമീറ്റര്‍വരെ വലുപ്പവും 250 ഗ്രാം തൂക്കവുമുണ്ടാകും. അമിതമായ ചൂടും തണുപ്പും അനുഭവപ്പെടുന്ന അവസരത്തില്‍ ഇവ മണ്ണിനുള്ളില്‍ 10-15 സെന്റീമീറ്റര്‍ താഴ്ചയില്‍ കുഴിയുണ്ടാക്കി ദീര്‍ഘസുഷുപ്തിയിലാണ്ട് കാലാവസ്ഥയെ അതിജീവിക്കും. മൂന്നു വര്‍ഷംവരെ ഇതു നീളാം.
ഒരു ഒച്ചില്‍ത്തന്നെ ആണ്‍-പെണ്‍ ലൈംഗികാവയവങ്ങളുണ്ട്. ഇവ ഇണയെ കണ്ടെത്തി, വലിയ ഒച്ചുകളാണെങ്കില്‍ ഇണ ചേര്‍ന്ന് രണ്ട് ഒച്ചുകളിലും മുട്ടകള്‍ ഉണ്ടാകും. ഇണകളില്‍ ഒന്ന് ചെറുതാണെങ്കില്‍ വലിയ ഒച്ചു മാത്രമേ മുട്ടയിടൂ. ഒച്ചിന് തന്റെ ശരീരത്തില്‍ രണ്ടു വര്‍ഷത്തോളം ബീജങ്ങളെ സൂക്ഷിച്ചുവെക്കാന്‍ കഴിയും. ഇണചേരല്‍ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇവ മണ്ണിനുള്ളില്‍ 500 മുട്ടകളടങ്ങിയ മുട്ടക്കൂട്ടങ്ങളിടുന്നു. മുട്ടകള്‍ രണ്ടാഴ്ചകൊണ്ട് വിരിയും.
ആറു മാസംകൊണ്ട് പ്രായപൂര്‍ത്തിയായി പുതിയ തലമുറ മുട്ടയിട്ടു തുടങ്ങുകയും ചെയ്യും. ഒരു ആഫ്രിക്കന്‍ ഒച്ചിന്റെ രണ്ടു മുട്ടയിടലുകള്‍ തമ്മിലുള്ള ഇടവേള രണ്ട്-മൂന്ന് മാസമാണ്. അനുകൂല കാലാവസ്ഥയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ഒച്ച് നാലു പ്രാവശ്യമായി 1200 മുട്ടവരെ ഇടും. 90 ശതമാനം മുട്ടകള്‍ വിരിയാറുമുണ്ട്. ലിംഗ വ്യത്യാസം ഇല്ല.
പ്രതികൂലാവസ്ഥയില്‍, മൂന്നുവര്‍ഷം വരെ തോടിനുള്ളില്‍ സമാധിയിരിക്കാന്‍ കഴിവുണ്ട്. അതിനാല്‍ ഇവയെ നശിപ്പിക്കുക എളുപ്പമല്ല.
മനുഷ്യനില്‍ രോഗങ്ങള്‍ ഉണ്ടാക്കാനും ഇവ കാരണമാകുന്നു. ഒച്ചിന്റെ ശരീരത്തില്‍ തെങ്ങിന്റെ കൂമ്പുചീയല്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് ഹേതുവായ ഫൈറ്റോഫാറ് കുമിളിനെ കണ്ടത്തിയിട്ടുണ്ട്. മനുഷ്യര്‍ക്കും ഉപദ്രവകാരികളായ ഈ ഒച്ചുകള്‍ കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന ഈസ്നോഫിലിക് മെനഞ്ചൈറ്റിസ് എന്ന രോഗത്തിന്റെ വാഹകരാണ്. ഒച്ചിനെ നന്നായി പാകം ചെയ്യാതെ ഭക്ഷിക്കുന്നവരിലാണിതു കണ്ടുവരുന്നത്.
കേരളത്തിലുള്ള ആഫ്രിക്കന്‍ ഒച്ചില്‍ നിമാ വിരയുണ്ടോയെന്നുള്ള പഠനങ്ങള്‍ വനഗവേഷണ കേന്ദ്രത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍, ചില ആളുകളില്‍ ഒച്ചിനെ സ്പര്‍ശിക്കുമ്പോള്‍ ചൊറിച്ചിലും വ്രണങ്ങളും ഉണ്ടാകാറുണ്ട്. കൂടാതെ ഒരു ബാക്ടീരിയയുടെ സാന്നിധ്യം പ്രതിരോധശേഷികുറഞ്ഞ ആളുകളില്‍ വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. അതുകൊണ്ട് പെറുക്കിയെടുത്ത് ഒഴിവാക്കേണ്ടി വരുമ്പോള്‍ കട്ടിയുള്ള തുണിയോ ഗ്ലൗസോ നിര്‍ബന്ധമായും ഉപയോഗിക്കണം.

നിയന്ത്രണമാര്‍ഗങ്ങള്‍

ബോര്‍ഡോമിശ്രിതം തളിക്കുന്നതിലൂടെയും ഒച്ചുശല്യമുള്ള പറമ്പുകളുടെ അതിരിലൂടെ കുമ്മായം തൂവുന്നതും ഇവയെ നിയന്ത്രിക്കാന്‍ ചെയ്യാറുണ്ട്.
പുതിയ കടന്നുകയറ്റക്കാരനായതുകൊണ്ട് ഇവയ്ക്ക് ശത്രുക്കള്‍ കുറവാണ്. ഉപ്പന്‍ (ചകോരം, ചെമ്പോത്ത്) ഒച്ചുകളെ ആക്രമിച്ചു തിന്നുന്നുണ്ട്. പക്ഷേ, ഇതുകൊണ്ടുമാത്രം നിയന്ത്രണമാകുന്നില്ല. നിയന്ത്രണത്തിനായി വിവിധ രാജ്യങ്ങളില്‍ താറാവിനെ ഉപയോഗിച്ചിരുന്നു.
ഒച്ചുബാധയുള്ള സ്ഥലങ്ങളില്‍നിന്നും ചെടികള്‍, ജൈവവളം, മണ്ണ്, കാര്‍ഷിക പണിയായുധങ്ങള്‍, തടി, വാഹനങ്ങള്‍ എന്നിവ മറ്റു സ്ഥലങ്ങളിക്ക് കൊണ്ടുപോകുമ്പോള്‍ ഇവ ഒച്ചുകളും മുട്ടകളുമുള്‍പ്പെടെ വിമുക്തമാണെന്ന് ഉറപ്പുവരുത്തുക.
ഒച്ചിന് ഒളിച്ചിരിക്കാനുള്ള സ്ഥലങ്ങള്‍ നശിപ്പിക്കുക, ചപ്പുചവറുകള്‍, മരക്കഷണങ്ങള്‍ എന്നിവ കൂട്ടിയിടാതിരിക്കുക, കുറ്റിക്കാടുകള്‍ വെട്ടിത്തെളിക്കുക, ഓടകള്‍ വൃത്തിയാക്കുക, വീടും പരിസരവും കൃഷിയിടവും വൃത്തിയായി സൂക്ഷിക്കുക.
ഒച്ചുശല്യമുള്ള സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തിയിടുമ്പോള്‍ ഇവ പറ്റിപ്പിടിക്കുന്നില്ലെന്ന് ഉറപ്പാക്കുക. മില്ലുകളില്‍നിന്ന് തടികളെടുക്കുമ്പോള്‍ ഒച്ചുകളുണ്ടെങ്കില്‍ അവയെ നശിപ്പിക്കുക. ഈര്‍പ്പമേറിയ ഇടങ്ങളില്‍ സൂര്യപ്രകാശം പതിക്കാന്‍ സാഹചര്യമൊരുക്കുക.
ആകര്‍ഷിച്ച് നശിപ്പിക്കാം
കീടനാശിനികളുപയോഗിച്ചുള്ള നിയന്ത്രണം ഉപദ്രവകാരികളല്ലാത്ത പല ജീവികളെയും കൊല്ലാന്‍ സാധ്യതയുള്ളതുകൊണ്ട് അതു പോംവഴിയല്ല. ഒച്ചിനെ കൊന്നു നശിപ്പിക്കുക തന്നെ വേണം. നനച്ച ചണച്ചാക്ക് വിരിച്ച് ഒച്ചിനെ ആകര്‍ഷിക്കാം (കാബേജ് ഇല, പപ്പായ ഇല, പഴത്തൊലി തുടങ്ങിയവ വിതറിയിട്ടാല്‍ ഇവയിലേക്ക് ഒച്ച് ആകര്‍ഷിച്ചെത്തും). ഇങ്ങനെ കൂട്ടംകൂടുന്ന ഒച്ചുകളെ ശേഖരിച്ച് നശിപ്പിക്കാം. ഇത്തരത്തില്‍ ആകര്‍ഷിച്ചെത്തുന്ന ഒച്ചുകളെ പുകയില കഷായം, തുരിശ് മിശ്രിതം തുടങ്ങിയവ തളിച്ച് കൊല്ലാനാണ് സംസ്ഥാന വന ഗവേഷണകേന്ദ്രത്തിന്റെ ശുപാര്‍ശ. ഇതിനായി 28 ഗ്രാം പുകയില ഒന്നര ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ഒരു ലിറ്ററായി കുറുക്കുക. അരിച്ച് തണുപ്പിക്കുക. ഒരു ലിറ്റര്‍ വെള്ളത്തില്‍ 60 ഗ്രാം തുരിശ് ലയിപ്പിക്കുക. ഇവക്കുട്ടി കലര്‍ത്തിയ ശേഷം ഒച്ചുകളുടെ മേല്‍ തളിക്കുക.
പുകയിലക്കഷായത്തിനു പകരം അകാരി എന്ന കീടനാശിനി ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തുരിശുലായനിയുമായി ചേര്‍ത്താലും മതി. ഒച്ചുകളെ ഉപ്പ് ഉപയോഗിച്ചും നശിപ്പിക്കാം. ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ ഇവ വന്നു കൂടുമെന്നതുകൊണ്ട് ഇവിടങ്ങളില്‍ പലക, ഓലമടല്‍, പാള കമഴ്ത്തിയിടുക. ഇതിനടിയില്‍ കൂട്ടംകൂടുന്ന ഒച്ചുകളെ പിടിച്ചു നശിപ്പിക്കാം. തുരിശു മാത്രമുള്ള ലായനി ഇവയ്ക്കെതിരേ ഫലപ്രദമാണ്. ഇതിനായി കോപ്പര്‍ സള്‍ഫേറ്റ് (തുരിശ്) ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചുണ്ടാക്കിയ ലായനി വിളകളില്‍ തളിക്കണം. വാഴ പോലുള്ള വിളകള്‍ക്കു ചുറ്റും ഒരു ശതമാനം വീര്യമുള്ള തുരിശുലായനി തളിക്കാം. ഇവയുടെ വളര്‍ച്ചാഘട്ടത്തില്‍ കാത്സ്യത്തിനായി കോണ്‍ക്രീറ്റ് വസ്തുക്കളില്‍ പറ്റിപ്പിടിക്കാറുണ്ട്. അപ്പോള്‍ ആറു ശതമാനം തുരിശുലായനി തളിച്ചു നശിപ്പിക്കാം.
തീറ്റക്കെണികള്‍ സ്ഥാപിക്കാം
തീറ്റക്കെണികള്‍ സ്ഥാപിച്ച് ചെറിയ കുഴികളിലേക്ക് ഒരുമിച്ച് ഒച്ചിനെ എത്തിച്ചും നശിപ്പിക്കാം. ഇതിനായി 500 ഗ്രാം ഗോതമ്പുപൊടിയും 200 ഗ്രാം ശര്‍ക്കരയും അല്പം യീസ്റ്റുംകൂടി കുഴച്ച് ഒരു മണ്‍കലത്തിലാക്കിയ ശേഷം ചെറിയ കുഴിയെടുത്ത്, കലത്തിന്റെ വായ ഭാഗം നിലംനിരപ്പില്‍ വരത്തക്കവിധം കുഴിച്ചിടുക. ഇത് ഒച്ചുകളെ ആകര്‍ഷിക്കുവാന്‍ ഫലപ്രദമാണ്. ഇങ്ങനെ ശേഖരിച്ച ഒച്ചുകളെ നശിപ്പിക്കാം. കള്ള്-യീസ്റ്റ്-പഞ്ചസാരലായനിയും കെണിയായി ഉപയോഗിക്കാം.


Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
കെ.എസ്.ആർ.ടി.സി സ്റ്റേഷനുകളിൽ നവംബർ 24 ന് മെഗാ ശുചീകരണം