കോട്ടയം: ജൂലൈ 30 ന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന നിയോജകമണ്ഡല/ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ എത്തുന്ന സമ്മതിദായകരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതിനുപകരം ഇടതു കൈയിലെ തന്നെ നടുവിരലിൽ പുരട്ടാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം.
ജൂലൈ 30 ന് നിശ്ചയിച്ചിട്ടുള്ള ഉപതിരഞ്ഞെടുപ്പിനുവേണ്ടി മാത്രമുള്ളതായിരിക്കും ഈ മാറ്റം. 1995- ലെ കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി (തെരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങൾ ചട്ടം 33 (ആൾ മാറാട്ടത്തിനെതിരെയുള്ള മുൻകരുതലുകൾ) പ്രകാരം ഓരോ സമ്മതിദായകന്റെയും നിജസ്ഥിതിയെപ്പറ്റി ബോധ്യമായാൽ അയാളുടെ ഇടതു കൈയിലെ ചൂണ്ടുവിരൽ പ്രിസൈഡിംഗ് ഓഫീസറോ പോളിംഗ് ഓഫീസറോ പരിശോധിക്കുന്നതിനും അതിൽ മായാത്ത മഷികൊണ്ട് ഒരു അടയാളം ഇടുന്നതിനും അനുവദിക്കേണ്ടതാണെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.
ചട്ടം 33(2) അനുസരിച്ച് ഇത്തരത്തിൽ ഒരു അടയാളം അയാളുടെ ഇടതു ചൂണ്ടുവിരലിൽ ഉണ്ടെങ്കിൽ ബാലറ്റ് പേപ്പർ കൊടുക്കുകയോ വോട്ടുചെയ്യാൻ അനുവദിക്കുകയോ ചെയ്യാൻ പാടില്ലെന്നും നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ 2024 ഏപ്രിലിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരുടെയും ഇടതു കൈയ്യിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി പൂർണമായി മാഞ്ഞുപോയിട്ടില്ലാതിരിക്കാൻ സാധ്യതയുണ്ട്.
അതിനാലാണ് ഇടതു കയ്യിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതിന് പകരം നടുവിരലിൽ മഷി പുരട്ടാനുള്ള നിർദേശം തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിരിക്കുന്നത്.