കോട്ടയം: ക്വിസ് മത്സര വിജയികളായ വിദ്യാർഥികൾക്കും സർക്കാർ ജീവനക്കാർക്കുമുള്ള സമ്മാനങ്ങൾ കൈമാറി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി കോട്ടയം ജില്ലയുടെ ചുമതലയൊഴിഞ്ഞു. വായനാപക്ഷാചരണത്തോടനുബന്ധിച്ച് പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും ഹൈസ്‌കൂൾ വിദ്യാർഥികൾക്കും കോട്ടയം ജില്ലയിലെ സർക്കാർ ജീവനക്കാർക്കുമായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനമായിരുന്നു കോട്ടയം ജില്ലാ കളക്ടറായുള്ള വി. വിഗ്‌നേശ്വരിയുടെ അവസാന ഔദ്യോഗിക പൊതുപരിപാടി.
ഹൈസ്‌കൂൾ വിദ്യാർഥികൾക്കുള്ള മത്സരത്തിൽ ഒന്നാമതെത്തിയ കോതനല്ലൂർ ഇമ്മാനുവൽ എച്ച്.എസ്.എസ്. വിദ്യാർഥികളായ പി. കാർത്തിക്, സരൺ കെന്നഡി, രണ്ടാമതെത്തിയ ബ്രഹ്‌മമംഗലം എച്ച്.എസ്.എസ്.-വി.എച്ച്.എസ്.എസ്. സ്‌കൂളിലെ ടി.കെ. ആദിനാരായണൻ, നവനി മനോജ് മൂന്നാം സ്ഥാനത്ത് എത്തിയ പാലാ സെന്റ് മേരീസ് ജി.എച്ച്.എസ്.എസ്. സ്‌കൂൾ വിദ്യാർഥികളായ കെ.എസ്. അഞ്ജലി, എസ്. ശ്രീലക്ഷ്മി,
സർക്കാർ ജീവനക്കാർക്കുള്ള മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഉഴവൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ. സുരേഷ്, രണ്ടാം സ്ഥാനം നേടിയ കോട്ടയം കളക്ട്രേറ്റിലെ എൽ.ഡി. ക്ലർക്ക് ആർ. ആദർശ്, പുതുപ്പള്ളി സബ് രജിസ്ട്രാർ ഓഫീസ് എൽ.ഡി. ക്ലർക്ക് ജി. ഗോകുൽ എന്നിവർക്ക് ജില്ലാ കളക്ടർ ഫലകവും സർട്ടിഫിക്കറ്റും കൈമാറി.
കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, സബ്് കളക്ടർ ഡി. രഞ്ജിത്ത്, പുഞ്ച സ്‌പെഷൽ ഓഫീസർ എം. അമൽ മഹേശ്വർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഇ.വി. ഷിബു എന്നിവർ പങ്കെടുത്തു. തുടർന്ന് കളക്്‌ട്രേറ്റ് റിക്രിയേഷൻ ക്ലബിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്കുള്ള യാത്രയയപ്പ് പരിപാടിയും സംഘടിപ്പിച്ചു. തിങ്കളാഴ്ചയാണ് ഇടുക്കി ജില്ല കളക്ടറായി വി. വിഗ്‌നേശ്വരി ചുമതലയേൽക്കുന്നത്.