പാലാ: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ മാരക ലഹരികളുടെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രൂപതാ കോര്‍പ്പറേറ്റിന്റെ പരിധിയിലുള്ള സ്‌കൂളുകളിലെയും കാത്തലിക് മാനേജ്‌മെന്റ് സ്‌കൂളുകളിലെയും പി.ടി.എ. പ്രസിഡന്റുമാരുടെ അടിയന്തിര യോഗം പാലാ ബിഷപ് ഹൗസില്‍ നടക്കും.
ഓഗസ്റ്റ് 2 വെള്ളി ഉച്ചകഴിഞ്ഞ് 2.30 ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. മാരക ലഹരിവിപത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ രക്ഷകര്‍ത്താക്കളുടെ അഭിപ്രായ സ്വരൂപണത്തിനും പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കാനുമാണ് യോഗം. ഇത് സംബന്ധിച്ച അറിയിപ്പുകള്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികാരികള്‍ക്ക് നല്‍കിക്കഴിഞ്ഞു.
മനുഷ്യനന്മക്കായി ലഹരിക്കെതിരെ എന്നും എക്കാലവും കര്‍ക്കശ നിലപാടുകള്‍ സ്വീകരിക്കുന്ന പാലാ രൂപതയും രൂപതയുടെ ടെമ്പറന്‍സ് കമ്മീഷനും നടത്തുന്ന ഈയൊരു നീക്കം പ്രദേശത്തെ രക്ഷകര്‍തൃസമൂഹം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. യോഗത്തില്‍ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, രൂപതാ കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ്ജ് പുല്ലുകാലായില്‍, ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, രൂപതാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള തുടങ്ങിയവര്‍ പങ്കെടുത്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും.
എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വിവിധ സ്‌കൂളുകളിലെ അറിയിപ്പ് ലഭിച്ച ഇരുന്നൂറോളം പി.ടി.എ. പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുക്കും.