പാലാ: സെൻറ് തോമസ് കോളേജ് ഹിന്ദി ബിരുദാനന്തര ബിരുദ - ഗവേഷണ വിഭാഗത്തിലെ 1981-83 ബാച്ച് എം.എ വിദ്യാർത്ഥികൾ നീണ്ട 41 വർഷങ്ങൾക്ക് ശേഷം കോളേജിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ കോളേജിൽ വീണ്ടും ഒത്തുകൂടി. 1983 ൽ പഠനം പൂർത്തിയാക്കി പലവഴിക്ക് പിരിഞ്ഞു പോയ പലർക്കും പിന്നീട് ആദ്യമായാണ് തമ്മിൽ കാണാൻ അവസരം കിട്ടിയത്.
'യാദോം കി ലഹരേം' (ഓർമ്മകളുടെ തിരമാലകൾ) എന്ന് പേരിട്ട കൂട്ടായ്മയിൽ പങ്കെടുത്തവർ അന്നത്തെ E -1 നമ്പർ ക്ലാസ് മുറിയിൽ തന്നെ ഒരുമിച്ചുകൂടി ഓർമ്മകൾ അയവിറക്കുകയും പഴയ സഹപാഠികളുമായി വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. സൗഹൃദ സംഭാഷണങ്ങൾക്കും മറ്റും വേദിയായിരുന്ന കാന്റീനിൽ തന്നെ എത്തി ഉച്ചയൂണും കഴിച്ച് എല്ലാവരും പലവഴിക്ക് തന്നെ പിരിഞ്ഞു.
കോളേജിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ ഹിന്ദി പ്രഭാഷണ പരമ്പരക്ക് തുടക്കം കുറിക്കാനും 1982- 84 ബാച്ച് എം.എ ഹിന്ദി വിദ്യാർഥിയായിരുന്ന കേന്ദ്രമന്ത്രി ജോർജ് കുര്യന് സ്വീകരണം നൽകാനും ഓണാഘോഷത്തിനുമായി സെപ്റ്റംബർ 17 ന് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഡിപ്പാർട്ടുമെന്റൽ അലുംനി മീറ്റിനും, കോളേജിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷത്തിൻ്റെ ഭാഗമായി ഡിസംബർ 27 ന് കോളേജ് സ്റ്റേഡിയത്തിൽ നടക്കുന്ന മെഗാ അലുംനി മീറ്റിനും കണ്ടുമുട്ടാമെന്ന് പറഞ്ഞാണ് പഴയ കൂട്ടുകാർ ബൈ-ബൈ പറഞ്ഞത്.
റാണി ജോസഫ്, പി. കെ അജിത് കുമാർ, ജോർജുകുട്ടി വട്ടോത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.