ഉഴവുർ: ഉഴവുർ - കുത്താട്ടുകുളം റോഡിൽ അരീക്കര പാറത്തോട് കവലയിലെ പൊതുമരാമത്ത് വകുപ്പ് റോഡിലെ വെള്ളക്കെട്ട് രണ്ട് കുടുംബങ്ങളുടെ അന്നം മുട്ടിക്കുന്നതിനൊടൊപ്പം കാൽനട യാത്രക്കാർക്കും, ഇരുചക്ര വാഹന യാത്രക്കാർക്കും ദുരന്തമാക്കുന്നു.
റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഇരുചക്ര വർക്ക്ഷോപ്പും, തമിഴ്നാട് സ്വദേശി നടത്തുന്ന തേപ്പ് കടയും തുറന്നിട്ട് ദിവസങ്ങളായി, മഴക്കാലം ശക്തമായ ദിവസങ്ങളിൽ ഇവർക്ക് കടതുറക്കാൻ പറ്റാത്ത അവസ്ഥയാണ്.
റോഡിലെ വെള്ളം റോഡിലൂടെ പോകുന്ന വാഹനങ്ങൾ ചീറ്റിച്ച് കടക്കുള്ളിൽ കയറ്റുന്നതാണ് കടതുറന്ന് പ്രവർത്തിക്കാൻ തടസമായിട്ടുള്ളത്. മഴക്കാലത്തിന് മുമ്പ് പൊതുമരാമത്ത് വകുപ്പ് കുറവിലങ്ങാട് സെക്ഷൻ പ്രീമൺസൂൺ ജോലിയിൽ ഉൾപ്പെടുത്തി എർത്തോൺ ഓടകൾ നിർമ്മിക്കുകയും വൃത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ശക്തമായ മഴ മൂലം പൊതുമരാമത്ത് വകുപ്പിന് വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുവാനോ, ഓടകൾ വൃത്തിയാക്കുവാനോ കഴിയാത്തതാണ് പാറത്തോടിലെ അന്നം മുട്ടിക്കുന്ന വെള്ളക്കെട്ടിന് കാരണം.