ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ രാജ്യസഭയുടെ അജണ്ട മാറ്റിവച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം രാജ്യസഭാ അധ്യക്ഷൻ അംഗീകരിക്കാത്തതിനെ തുടർന്ന് ജോസ് കെ. മാണി എം.പി. പൊട്ടിത്തെറിച്ചു. പിന്നിട് സഹായിക്കണമെന്ന് കൈക്കൂപ്പി അപേക്ഷിച്ചു.
500 ലധികം കുടുംബങ്ങൾ നിരാലംബരും നിരാശ്രയരുമായി നിൽക്കുമ്പോൾ കേന്ദ്ര സർക്കാർ യാതൊരു ഗൗരവവും കാണിക്കുന്നില്ലെന്ന് ജോസ് കെ. മാണി രാജ്യസഭയിൽ പറഞ്ഞു. വയനാടിനെ കൈവിടരുതെന്ന് ജോസ് കെ മാണി കൈക്കുപ്പി അപേക്ഷിച്ചു.
ആരുമില്ലാത്തവർക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നത്. ഒരു രാത്രി കൊണ്ട് ഒരായുസാണ് അവസാനിച്ചത്. പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർ അപ്രത്യക്ഷരായി. മനസിൽ കരുണ വറ്റാത്തവർക്കൊന്നും വയനാട്ടിലെ കാഴ്ചകൾ കാണാൻ കഴിയുന്നില്ല.
കൈയും മെയ്യും മറന്ന് കേരളത്തിനൊപ്പം നിൽക്കേണ്ട കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനം കുറ്റകരമാണെന്നും കൈക്കൂപ്പി കൊണ്ട് രാജ്യസഭയിൽ പറഞ്ഞു.
വയനാട് സംഭവിച്ച അതീവ ഗുരുതരമായ പ്രകൃതിക്ഷോഭത്തെക്കുറിച്ച് രാജ്യസഭയിൽ അജണ്ടയിലുള്ള മറ്റു വിഷയങ്ങൾ മാറ്റിവെച്ച് സംസാരിക്കുവാൻ അധ്യക്ഷൻ അനുവദിക്കാത്തതിനെത്തുടർന്ന് രാജ്യസഭ ശക്തമായ ശബ്ദായമാനമായ പ്രതിഷേധങ്ങൾക്ക് ഇന്ന് സാക്ഷ്യം വഹിച്ചു. നിരവധി മനുഷ്യ ജീവനുകൾ അപഹരിച്ച ദുരന്തത്തെക്കുറിച്ച് പ്രതികരിക്കുവാൻ സഭാധ്യക്ഷനോട് ശബ്ദമുയർത്തി സംസാരിക്കേണ്ടി വന്നു.
ഒടുവിൽ ഗത്യന്തരമില്ലാതെ അദ്ദേഹത്തിന് അജണ്ട മാറ്റിവെച്ച് വയനാട് ദുരന്തം ചർച്ച ചെയ്യേണ്ടിവന്നു. ദുരന്തത്തിന്റെ ഭീകരതയും മനുഷ്യൻറെ നിസ്സഹായവസ്ഥയും കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് സമഗ്രമായി ലഭിച്ച ചുരുങ്ങിയ സമയത്തിനുള്ളിൽ അവതരിപ്പിച്ചു. കേന്ദ്രസർക്കാർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുവാൻ സർക്കാർ അടിയന്തര നിർദ്ദേശം നൽകി.