കോട്ടയം: മരണശേഷം കണ്ണുകൾ ദാനം ചെയ്യുന്നത് വ്യാപിപ്പിക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥിയായ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചയായത്ത് പ്രസിഡന്റ് അജിതാ രതീഷ് മരണശേഷം കണ്ണുകൾക്കൊപ്പം അവയവങ്ങളും ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചു സമ്മതപത്രം കൈമാറി. കോളേജ് വിദ്യാർത്ഥികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ ഉൾപ്പെടെ 1000 പേരുടെ നേത്രദാന സമ്മതപത്രം ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ: വ്യാസ് സുകുമാരൻ ഏറ്റുവാങ്ങി. ഡെപ്യൂട്ടി ഡി.എം.ഒ: ഡോ. പി എൻ വിദ്യാധരൻ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.ജെ മോഹനൻ, പാറത്തോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. രാജൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ. സാജൻ കുന്നത്ത്, ഡാനി ജോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗം ഷാലിമ ജെയിംസ്,
അന്ധാതാനിവാരണ സമിതി ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി കെ ബിൻസി, എരുമേലി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. റെക്സം പോൾ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ ജില്ലാ ഓഫ്തൽമിക് കോ ഓർഡിനേറ്റർ മിനിമോൾ പി ഉലഹന്നാൻ എന്നിവർ പ്രസംഗിച്ചു.