കോട്ടയം: ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 77-ാം വാർഷികം ആഘോഷിക്കുന്നതിന് ജില്ലയൊരുങ്ങി. ജില്ലാതല ആഘോഷചടങ്ങുകൾ വ്യാഴാഴ്ച (ഓഗസ്റ്റ് 15) രാവിലെ 8.25 മുതൽ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ ഒൻപതിന് മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി ദേശീയ പതാക ഉയർത്തും. തുടർന്ന് പരേഡ് പരിശോധിക്കും. പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകും. നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായുള്ള ലഹരിവിമുക്ത പ്രതിജ്ഞ മന്ത്രി ചൊല്ലിക്കൊടുക്കും.
20 പ്ലാറ്റൂണുകളാണ് ജില്ലാതല പരേഡിൽ പങ്കെടുക്കുക. പൊലീസ്- 3, ഫോറസ്റ്റ്-1, എക്സൈസ്-1, എൻ.സി.സി. - 3, സ്റ്റുഡന്റ് പോലീസ് കേഡറ്റ്-3, ജൂനിയർ റെഡ്ക്രോസ്-3, സ്‌കൗട്ട്സ്-2, ഗൈഡ്സ്- 2, ബാൻഡ് സെറ്റ് -2 എന്നീ പ്ലാറ്റൂണുകളാണ് പരേഡിൽ പങ്കെടുക്കുക.
പാലാ സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ജോബിൻ ആന്റണിയാണ് പരേഡ് കമാൻഡർ.
കലാപരിപാടികളും അരങ്ങേറും. മൗണ്ട് കാർമൽ ജി.എച്ച്.എസ്.എസ്., ബേക്കർ മെമ്മോറിയൽ എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിക്കും. ജനപ്രതിനിധികൾ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് എന്നിവർ പങ്കെടുക്കും. പരേഡിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന പ്ലാറ്റൂണുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
സായുധസേന പതാകനിധിയിലേക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ തുക സംഭാവന നൽകിയ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹൈസ്‌കൂൾ (വിദ്യാഭ്യാസസ്ഥാപന വിഭാഗം), ജില്ലാ രജിസ്ട്രാർ(ജനറൽ) (വിദ്യാഭ്യാസഇതരസ്ഥാപന വിഭാഗം) എന്നിവർക്കുള്ള ട്രോഫികൾ ചടങ്ങിൽ സമ്മാനിക്കും.
പ്ലാറ്റൂൺ കമാൻഡർമാർ: എസ്.എം. സുനിൽ (പൊലീസ് 1), കെ. സൈജു (പൊലീസ് 2), വി. വിദ്യ(വനിത പൊലീസ്), ഷാഫി അരവിന്ദാക്ഷ്(എക്‌സൈസ്), കെ. സുനിൽ(ഫോറസ്റ്റ്), ആദിത്യ നിതീഷ്, അലീന സെബാസ്റ്റിയൻ, റിന്ന എലിസബത്ത് സാം(സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് 1,2,4), നിരജ്ഞന കെ. സലിം (എൻ.സി.സി. സീനിയർ പെൺകുട്ടികൾ), വി. ഹരി ഗോവിന്ദ് (എൻ.സി.സി. സീനിയർ ആൺകുട്ടികൾ), ലക്ഷ്മി ജിബി (എൻ.സി.സി. ജൂനിയർ പെൺകുട്ടികൾ), ഗൗതം കൃഷ്ണ, ജിതിൻകൃഷ്ണ സി. അനു(സ്‌കൗട്ട്), ഹെലൻ കെ. സോണി, ഫേബ എൽസ ബിജു(ഗൈഡ്‌സ്), ആർ. ശ്രീമാധുരി, അനഖ് അജീഷ്, അക്ഷിമ അനിൽ(ജൂനിയർ റെഡ് ക്രോസ്), എം.യു. ധനലക്ഷ്മി, അഭിനന്ദ എം. അനീഷ് (ബാൻഡ്് പ്ലാറ്റൂൺ).
ദേശീയപതാക ഉയർത്തൽ രാവിലെ ഒൻപതിന്
രാവിലെ ഒൻപതിനോ അതിനുശേഷമോ ദേശീയ പതാക ഉയർത്താം. ബ്ലോക്ക് പഞ്ചായത്തുകളിൽ പ്രസിഡന്റും നഗരസഭകളിൽ നഗരസഭാധ്യക്ഷരും ഗ്രാമപഞ്ചായത്തുകളിൽ പ്രസിഡന്റുമാണ് ദേശീയ പതാക ഉയർത്തേണ്ടത്. ഓഫീസുകൾ, വിദ്യാലയങ്ങൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപന മേധാവി പതാക ഉയർത്തണം. വിശിഷ്ടാതിഥിയുടെ സ്വാതന്ത്ര്യദിന സന്ദേശം, ദേശീയഗാനം, ദേശഭക്തി ഗാനങ്ങളുടെ ആലാപനം എന്നിവ ഇതോടനുബന്ധിച്ച് നടത്തണമെന്നും സർക്കാർ മാർഗനിർദ്ദേശങ്ങളിൽ പറയുന്നു. സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കോളജുകൾ, സ്‌കൂളുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വാതന്ത്ര്യദിന ചടങ്ങുകളിൽ പങ്കെടുക്കണം.
പൊതുനിർദ്ദേശങ്ങൾ:
ദേശീയ പതാക ഉയർത്തുമ്പോൾ 2002 ലെ പതാക നിയമത്തിലെ വ്യവസ്ഥകൾ കർശനമായും പാലിക്കണം. പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച ദേശീയ പതാകയുടെ നിർമാണം, വിതരണം, വിൽപന, ഉപയോഗം എന്നിവയ്ക്ക് നിരോധനമുണ്ട്. ആഘോഷങ്ങളിലുടനീളം ഹരിത പ്രോട്ടോക്കോൾ പാലിക്കണം.