കോട്ടയം: ജലജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിച്ച പഞ്ചായത്ത് റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾ തദ്ദേശസ്ഥാപനങ്ങൾ വഴി ചെയ്യുന്നത് സംബന്ധിച്ച അവ്യക്തത നീങ്ങി. കോട്ടയത്തു നടന്ന തദ്ദേശ അദാലത്തിലാണ് അവ്യക്തത പരിഹരിച്ചത്.
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജല അതോറിറ്റി നീക്കിവച്ച തുക ഉപയോഗിച്ച് തദ്ദേശസ്ഥാപനങ്ങൾക്കും പ്രവൃത്തി ഏറ്റെടുക്കാൻ നേരത്തേ അനുമതി നൽകിയിരുന്നു. എന്നാൽ പണം നീക്കിവച്ചത് ജല അതോറിറ്റി ആയതിനാൽ പദ്ധതിക്ക് സാങ്കേതിക അനുമതി നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പിലെ എൻജിനീയൻമാർക്ക് വിമുഖതയുണ്ടായിരുന്നു. ഈ വിഷയത്തിലാണ് ശാശ്വതപരിഹാരം തദ്ദേശ അദാലത്തിലുണ്ടായത്.
വാകത്താനം, പുതുപ്പള്ളി, പാമ്പാടി പഞ്ചായത്തുകൾ നൽകിയ നിവേദനത്തെ തുടർന്ന് അദാലത്ത് വേദിയിൽ വച്ച് തന്നെ വിഷയം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായി ഫോണിൽ സംസാരിച്ചു. ഇതേത്തുടർന്ന് ഇത്തരം വിഷയങ്ങൾ ഏകോപിപ്പിക്കാനും പരിഹരിക്കാനും വാട്ടർ അതോറിറ്റി, തദ്ദേശസ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർമാർ ജില്ലാതലത്തിൽ കൂടിയാലോചന നടത്തും. ആവശ്യമെങ്കിൽ പഞ്ചായത്തിന് അധിക തുക നീക്കിവച്ച് പദ്ധതി വിപുലീകരിക്കാനും അവസരമുണ്ട്.
റോഡ് നവീകരണത്തിന് വാട്ടർ അതോറിറ്റിയുമായി ആലോചിച്ച്ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിന് സാങ്കേതിക അനുമതി നൽകാം. റോഡുകളുടെ പുനരുദ്ധാരണത്തിനായി പഞ്ചായത്തുകൾ എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതിക അനുമതിക്ക് നൽകിയിരുന്നെങ്കിലും ഉത്തരവിലെ അവ്യക്തത കൊണ്ട് വകുപ്പിന്റെ സങ്കേതിക അനുമതി ലഭിച്ചില്ലെന്നും ടെണ്ടർ നൽകാൻ കഴിഞ്ഞില്ലെന്നുമായിരുന്നു പഞ്ചായത്തുകളുടെ പരാതി. ഈ പ്രശ്‌നത്തിനാണ് പരിഹാരമായത്. ആയിരക്കണക്കിന് ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് നടപടി സഹായകമാകും.