Representative image
കാവുംകണ്ടം: കാവുംകണ്ടം പ്രദേശത്തെ തെരുവ് വിളക്കുകൾ മിഴി പൂട്ടിയിട്ട് നാളുകളേറെയായി. എല്ലായിടത്തും നിലവാരമില്ലാത്തതും കാലഹരണപ്പെട്ടതുമായ ബൾബുകൾ മാത്രം കാണാം. രാത്രി കാലങ്ങളിൽ കാൽനട യാത്രക്കാർക്ക് വഴിവിളക്ക് ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. വിദൂര സ്ഥലങ്ങളിൽ ജോലി കഴിഞ്ഞ് മടങ്ങി വരുന്നവർ, സ്കൂൾ - കോളേജ് എന്നിവിടങ്ങളിൽ പോയി മടങ്ങിവരുന്ന വിദ്യാർത്ഥികൾ ഉൾപ്പടെ സന്ധ്യയായാൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവു പട്ടികളുടെ ശല്യവും യാത്രക്കാർക്ക് ഭീഷണിയാകുന്നു. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാരെ പട്ടികൾ ഇരുളിന്റെ മറവിൽ കൂട്ടത്തോടെ ആക്രമിക്കുന്നത് പതിവായി മാറുന്നു. തെരുവ് വിളക്കുകളുടെ അഭാവം മൂലം രാത്രികാലങ്ങളിൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാകുന്നു.
ചില സ്ഥലങ്ങളിൽ സോളാർ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സോളാർ ബാറ്ററികൾ മോഷണം പോയതോടെ സോളാർ ലൈറ്റുകളുടെ പ്രവർത്തനം നിലച്ചു. കാവുംകണ്ടം പ്രദേശത്തെ മൂന്നുകുഴി, ജ്യോതിക്കയം എന്നീ വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കാൻ ധാരാളം പേർ ദൂര സ്ഥലങ്ങളിൽ നിന്നും വന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ സമീപ പ്രദേശത്ത് സൂചനാ ബോർഡുകളോ വഴി വിളക്കുകളോ ഇല്ലാത്തതുകൊണ്ട് അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അവധി ദിവസങ്ങളിൽ ധാരാളം സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ വെള്ളച്ചാട്ടം സന്ദർശിക്കുന്നു.
കാവുംകണ്ടം പ്രദേശത്തെ തെരുവ് വിളക്കുകൾ പ്രകാശിക്കാൻ വേണ്ട അടിയന്തര നടപടികൾ കടനാട് ഗ്രാമ പഞ്ചായത്ത് അധികാരികളും കൊല്ലപ്പള്ളി കെ. എസ്. ഇ. ബി. ഡിപ്പാർട്ടുമെന്റും സ്വീകരിക്കണമെന്ന് കാവുംകണ്ടം എ. കെ. സി. സി & പിതൃവേദി യൂണിറ്റ് ആവശ്യപ്പെട്ടു. വെള്ളച്ചാട്ടത്തിന് സമീപത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ വേണ്ട നടപടി അധികൃതർ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജോജോ പടിഞ്ഞാറയിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ഫാ. സ്കറിയ വേകത്താനം, ഡേവീസ് കല്ലറക്കൽ, ജോസ് കോഴിക്കോട്ട്, ബിജു ഞള്ളായിൽ, ബേബി തോട്ടാക്കുന്നേൽ, രാജു തോമസ് കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, ജോഷി കുമ്മേനിയിൽ, രാജു അറയ്ക്കകണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.