കാവുംകണ്ടം: ബസ് തട്ടി ബൈക്ക് യാത്രക്കാരന്റെ കാലിന് ഗുരുതര പരിക്കേറ്റു. ഇന്ന് (ആഗസ്റ്റ് 16) രാവിലെ 7.15 ന് കാവുംകണ്ടത്ത് വെച്ചാണ് അപകടം. ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് മറ്റത്തിപ്പാറ സ്വദേശിയായ പള്ളിപ്പടിക്കൽ ജിസ് ജെയിംസിനെ മാറാനാത്ത ബസ് നിയന്ത്രണം വിട്ട് ഇടിച്ചുതെറിപ്പിച്ചത്. കാലിന് ഗുരുതര പരിക്കേറ്റ ജിസിനെ പ്രവിത്താനം കാവുകാട്ട് മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
റോങ്ങ് സൈഡിൽ കൂടി വന്ന് ബൈക്കിൽ കയറിഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചു വീണാണ് കാലിന് ഗുരുതര പരിക്കേറ്റത്. അശ്രദ്ധമായ ഡ്രൈവിംഗും അമിത സ്പീഡുമാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇത്തരം അപകടങ്ങൾ ഇവിടെ തുടർക്കഥയാവുകയാണ്. യാത്രക്കാർ പലപ്പോഴും ഭീതിയോടെയാണ് ബസ്സിൽ യാത്ര ചെയ്യുന്നത്.
കാവുംകണ്ടം പ്രദേശത്തെ റോഡിലെ കുഴിയും ചെളിയും വാഹനങ്ങൾക്ക് എന്നും അപകട ഭീഷണിയാണ്. റോഡിന്റെ ഇരുവശവും കാടുകയറി മൂടിയ നിലയിലാണ്. കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ അപകട ഭീഷണിയായിട്ടുള്ള റോഡിന്റെ ഇരുവശങ്ങളിലെ കുഴികൾ നികത്തിയും കാട് വെട്ടിത്തെളിച്ചും റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് കാവുംകണ്ടം എ.കെ. സി. സി.,പിതൃവേദി സംഘടന അധികാരികളോടാവശ്യപ്പെട്ടു.
ജോജോ ജോസഫ് പടിഞ്ഞാറയിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ഫാ. സ്കറിയ വേകത്താനം, അഭിലാഷ് കോഴിക്കോട്ട്, ഡേവീസ് കെ. മാത്യു കല്ലറയ്ക്കൽ, ബേബി തോട്ടാക്കുന്നേൽ, ജോസ് കോഴിക്കോട്ട്, സാബു വാദ്ധ്യാനത്തിൽ, രാജു അറക്കകണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.