കോട്ടയം: പാറമട മാഫിയായിൽ നിന്നും കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള കുടക്കച്ചിറ ഗ്രാമത്തിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട്; ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനത്തിൽ കുടക്കച്ചിറ നിവാസികൾ നിരാഹാര സമരം നടത്തുന്നു. ആഗസ്റ്റ് 15 ന് കുടക്കച്ചിറ- വലവൂർ- ഗ്രാമവാസികൾ, കരൂർ പഞ്ചായത്ത് പാറമടവിരുദ്ധ പരിസ്ഥിതി സംയുക്ത ആക്ഷൻ കൗൺസിലിൻറെ നേതൃത്വത്തിൽ. ഏകദിന, നിരാഹാര സമരം നടത്തുമെന്ന് കരൂർ പഞ്ചായത്ത് പാറമടവിരുദ്ധ സംയുക്ത ആക്ഷൻ കൗൺസിൽ അംഗങ്ങൾ ഓൺലൈൻ മാധ്യമ കൂട്ടായ്മയെ അറിയിച്ചു. കുടക്കച്ചിറ ഗ്രാമ കേന്ദ്രമായ വലിയ പള്ളിത്താഴത്തുള്ള സാംസ്‌കാരിക കേന്ദ്രത്തിൽ രാവിലെ 9.00 മണിക്ക് സർവ്വകക്ഷി നിരാഹാര പ്രാർഥനാ യജ്ഞം ആരംഭിക്കും.
ഉപവാസ സമര സമാരംഭ സന്ദേശം അഭയാനന്ദ തീർത്ഥപാദസ്വാമികൾ നിർവ്വഹിക്കും. കുടക്കച്ചിറ സെൻ്റ് ജോസഫ്‌സ് പള്ളി വികാരി,ബഹു ഫാ. തോമസ് മഠത്തി പറമ്പിൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് ഉപവാസ സമരത്തിൽ മുഴുവൻ സമയം പങ്കാളിയാകും. വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ 500 ൽപ്പരം സഹോദരങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചു് പ്രമേയം അവതരിപ്പിച്ചു മൗനം ആചരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ജില്ല, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തംഗങ്ങളും നിയമസഭ, പാർലമെന്റംഗങ്ങളും ഉപവാസ സമരത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിക്കും. വിവിധ രാഷ്ട്രീയ പാർട്ടികളെയും സാംസ്‌കാരിക, സഹകരണ, സാഹിത്യ,കലാ സംഘടനകളെയും പ്രതിനിധീകരിച്ച് നേതാക്കൾ ഉപവാസ സമരത്തിൽ പങ്കാളികളാവും. കരൂർ പഞ്ചായത്ത് പാറമടവിരുദ്ധ സംയുക്ത ആക്ഷൻ കൗൺസിൽ അംഗങ്ങളായ ഫാദർ തോമസ് മഠത്തിപറമ്പിൽ, ഡോക്ടർ ജോർജ് ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം റാണി ജോസ്, ഗവേഷണ വിദ്യാർത്ഥിനി നിത നിരാകൃത എന്നിവർ ഓൺലൈൻ കൂട്ടായ്മ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച , കരൂർ പഞ്ചായത്തിലെ രണ്ടു പച്ചപ്പു നിറഞ്ഞ ഗ്രാമങ്ങളാണ്കുടക്കച്ചിറയും, വലവൂരും . (വാർഡ് 1,2)എന്നാൽ മനുഷ്യ നിർമ്മിതമായ മൂന്നു പാറമടകൾ അവയെ തുരന്നു നശിപ്പിക്കുകയാണ്. കലാമുകുളം വ്യൂ പോയിൻ്റിനു താഴെയും സെൻ്റ് തോമസ് മൗണ്ടിന്നു താഴെയും കൂവയ്ക്കൽ മലയടിവാരത്തിലും, കോടിക്കണക്കിനു വർഷങ്ങളായി രൂപപ്പെട്ട പാറ ,നിയമ വിരുദ്ധമായി സ്വകാര്യ വ്യക്തികൾ ഖനനം ചെയ്യുന്നതിന് പഞ്ചായത്ത് അനുമതി കൊടുത്തിരിക്കുകയാണ്
2023 ജൂൺ 17 ന് പഞ്ചായത്ത് പടിക്കൽ സർവ്വകക്ഷി പ്രതിഷേധയോഗം ചേരുകയും നാടിൻ്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നതാണ്. പക്ഷെ അഴിമതി മണക്കുന്ന അനുമതിയാണുണ്ടായത്. ഇന്നു മൂന്നു മടകളും ഗർജിക്കുകയാണ്.അതിനു പിന്നാലെ ജനരോഷം ശമിപ്പിക്കുവാൻ സബ് കമ്മിറ്റിയെ നിയോഗിച്ചു പഠനം നടത്തുവാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല, മാത്രവുമല്ല പാറ ഖനനം പൂർവ്വാധികം ഗുരുതരമാവുകയാണുണ്ടായത്. മൺസൂൺ പെരു മഴയിലും അതു തുടരുന്നു. ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും ജനപ്രതിനിധികൾക്കും ഖനന വിരുദ്ധ ആക്ഷൻ കൗൺസിലിൻ്റെ പേരിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ നാളിതുവരെ പരിഹാരമുണ്ടായിട്ടില്ല.