പ്രവിത്താനം: രണ്ടര വർഷം മുമ്പ് പ്രത്യേക നിയോഗം സമർപ്പിച്ച് ആരംഭിച്ച ബൈബിൾ പകർത്തിയെഴുത്ത് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് പ്രവിത്താനം ഞാറക്കാട്ട് നിഷ ജീതു. വചനം ഇശോയാണെന്നും, വചനത്തെ സ്നേഹിക്കുമ്പോൾ ഈശോയെ തന്നെയാണ് സ്നേഹിക്കുക എന്ന ഉറച്ച ബോധ്യത്തോടെയാണ് ഈ ഉദ്യമം ആരംഭിച്ചതെന്ന് നിഷ ജീതു പറഞ്ഞു.
ദൈവവചനത്തിന്റെ പ്രാധാന്യം ബൈബിളിൽ നിന്ന് തന്നെ മനസ്സിലാക്കി തരുന്ന വചനങ്ങളാണ് ഈ ശ്രമകരമായ ദൗത്യത്തിൽ ഏറെ തുണയായതെന്നും ഈശോയ്ക്ക് വേണ്ടി ചെറിയ സഹനങ്ങൾ ഏറ്റെടുക്കുമ്പോൾ തീർച്ചയായും ദൈവസന്നിധിയിൽ അതിന് വിലയുണ്ടാവും എന്ന ബോധ്യം തൻ്റെ ജീവിതത്തെ നയിച്ചിരുന്നു എന്നും നിഷ അഭിപ്രായപ്പെട്ടു.
പ്രതികൂല സാഹചര്യങ്ങളിലും വിചാരിച്ചതിലും വേഗത്തിൽ ഈ ദൗത്യം പൂർത്തിയാക്കാൻ സാധിച്ചത് ദൈവകൃപ ഒന്നുകൊണ്ട് മാത്രമാണെന്നാണ് നിഷയുടെ വിശ്വാസം. ഭർത്താവ് ഞാറക്കാട്ട് ജീതു, മക്കൾ ഇവാന, ഇമ്മാനുവൽ, ഇസബൽ.
സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് പൂർത്തിയാക്കിയ നിഷ ജീതുവിനെ പ്രവിത്താനം ഇടവക കൂട്ടായ്മയ്ക്ക് വേണ്ടി വികാരി വെരി റവ. ഫാ. ജോർജ് വേളൂപറമ്പിൽ ആദരിച്ചു. സഹ വികാരിമാരായ ഫാ. ജോർജ് പോളച്ചിറ കുന്നുംപുറം, ഫാ. ജോസഫ് കുറപ്പശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു.