പള്ളിക്കത്തോട്: കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്സിൽ സിനിമ മേഖലയുടെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി ഡേ വിത്ത് എ ഡയറക്ടർ ഇന്ററാക്ഷൻ പ്രോഗ്രാം നടന്നു. സംവിധായകൻ ഭദ്രൻ മാട്ടേലുമായി കുട്ടികൾ സംവദിച്ചു.
റോട്ടറി ക്ലബ്ബ് ഓഫ് പാലാ ഡിസ്ട്രീക്റ്റ് 3211 ന്റെ ഡിസ്ട്രിക്ട് പ്രോജക്ട് ഉയരെ സ്കിൽ ഡവലപ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. കെ ആർ നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടി മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് ദോഷകരമാകുന്ന മുല്ലപ്പെരിയാർ പോലെയുള്ള വലിയ വിഷയങ്ങൾ ജനങ്ങളെ ബോധവാന്മാരാക്കുന്ന സിനിമയായി വരണമെന്ന് എം എൽ എ ഓർമ്മിപ്പിച്ചു.
പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്കൂൾ വിദ്യാർത്ഥികളാണ് ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയത്. സിനിമ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ സംബന്ധിച്ച് വിവിധ ഡിപ്പാർട്ട്മെന്റുകളിലായി കുട്ടികൾക്ക് ക്ലാസ് എടുത്തു. ഡയറക്ടർ ഭദ്രനുമായി കുട്ടികൾ നടത്തിയ ഇന്ററാക്ഷനിൽ സ്ഫടികം, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങൾ സംബന്ധിച്ച് ചർച്ചകൾ നടന്നു. മൂല്ല്യമുള്ള സിനിമകൾ ഉണ്ടാവണമെന്നും അതിന് സമകാലിക വിഷയങ്ങൾ കുട്ടികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ ആർ നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജിജോയ് പി ആർ കുട്ടികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭ്യമാകുന്ന കോഴ്സുകളും സംവിധാനങ്ങളും വിശദീകരിച്ചു. ഇരുപതിലേറെ വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും നൽകി. പാലാ റോട്ടറി പ്രസിഡന്റ് ഡോ. സെലിൻ റോയ് തകടിയേൽ, സെക്രട്ടറി ഷാജി മാത്യു തകടിയേൽ, വൈസ് പ്രസിഡന്റ് റാണി ജേക്കബ്, അസിസ്റ്റന്റ് ഗവർണർ ഡോ. ടെസി കുര്യൻ, പബ്ലിക് ഇമേജ് ചെയർമാൻ സന്തോഷ് മാട്ടേൽ, ജോഷി വെട്ടുകാട്ടിൽ, ഡോ. ജോർജ്ജ് എഫ് മൂലയിൽ, ആർ വി സുരേഷ് ബാബു, വിനോദ് സുകുമാരൻ എന്നിവർ പങ്കെടുത്തു.