കൊച്ചി: സീറോ മലബാർ സഭയിലെ ഏകീകൃത കുർബാന വിഷയത്തിൽ സിനഡ് തീരുമാനങ്ങളെ അട്ടിമറിക്കാൻ പ്രവർത്തിച്ച് സഭ വിശ്വാസികളെ വഞ്ചിച്ച മെത്രാൻമാരായ മാർ ജോസഫ് പാംപ്ലാനി, മാർ ബോസ്കോ പുത്തൂർ, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ ജോസ് ചിറ്റൂ പറമ്പിൽ, മാർ അഫ്രേം നരികുളം , മാർ ജോസ് പുത്തൻവീട്ടിൽ, കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, എന്നീ മെത്രാൻ മാരെ18 ന് മൗണ്ടിൽ നടക്കുന്ന സിനഡിൽ പങ്കെടുക്കുന്നതിൽ നിന്ന് സഭ നേതൃത്വം വിലക്ക് ഏർപ്പെടുത്തണമെന്ന് മേജർ അതിരൂപത വിശ്വാസി കൂട്ടായ്മ അതിരൂപത ഭാരവാഹികൾ പത്ര/ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സിനഡിൽ എടുത്ത തീരുമാനങ്ങൾ നടപ്പിൽ വരുത്തുവാൻ സഭ നേതൃത്വം തയ്യാറാകണം. സിനഡ് മെത്രാൻ മാരിൽ തന്നെ ഏകീകൃത സ്വഭാവം ഇല്ലാത്തതും കൂട്ടുത്തരവാദിത്വം ഇല്ലാത്തതും ഏറെ അവമതിപ്പിനും ഇടയാക്കും. ജൂൺ 9 ലെ സഭ പുറത്തിറക്കിയ സർക്കുലർ പ്രകാരമുള്ള തീരുമാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ 18 ന് കൂടുന്ന സിനഡിന് ശേഷം മെത്രാൻമാരെ സെൻറ് തോമസ് മൗണ്ടിൽ നിന്ന് പുറത്തിറങ്ങാൻ വിശ്വാസികൾ അനുവദിക്കില്ല.
സിനഡിന് മുന്നോടിയായി സ്വാതന്ത്ര്യ ദിനത്തിൽ 15 ന് ഏകീകൃത വിശുദ്ധ കുർബാന വിളംബര ജാഥ നടത്തും. വടക്കൻ മേഖലാ ജാഥ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കൊരട്ടി പള്ളിയിൽ നിന്ന് പോൾസൺ കുടിയിരിപ്പിലും, തെക്കൻ മേഖലാ ജാഥ ചേർത്തല മരുത്തൂർവട്ടം പള്ളിയിൽ നിന്ന് ജോസ് അറക്കത്താഴവും നയിക്കും. മേഖല ജാഥകൾ ഫാ. ജോർജ് നെല്ലിശേരി, ഫാ. കുര്യൻ ഭരണികുളങ്ങര എന്നിവർ ഫ്ളാഗ് ഓഫ് ചെയ്യും.
അതിരൂപതയിലെ 16 ഫൊറോനകളിലെ വിവിധ ഇടവക പള്ളികളിലൂടെ വിളംബര ജാഥ കടന്ന് പോകും. രണ്ട് മേഖല ജാഥകൾ വൈകീട്ട് 6 ന് എറണാകുളം ബസിലിക്ക പള്ളിയുടെ മുന്നിൽ സംഗമിക്കും. ഏകീകൃത കുർബാന അതിരൂപതയിലെ മുഴുവൻ പള്ളികളിലും നടപ്പിലാക്കുക, ആഭിചാര കുർബാന ചൊല്ലിയ വൈദീകരുടെ പേരിൽ ശിക്ഷ നടപടികൾ സ്വീകരിക്കുക, കൂരിയ അംഗങ്ങളെ തൽ സ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്തുക, സിനഡിൽ അൽ മായ പ്രാതിനിത്യം ഉറപ്പാക്കുക എന്നി ആവശ്യങ്ങൾ അതിരൂപത വിശ്വാസി കൂട്ടായ്മ ഭാരവാഹികളായ ഡോ. എം.പി. ജോർജ്, എം.ജെ. ജോസഫ്. ഷൈബി പാപ്പച്ചൻ, ജോസഫ് അമ്പലത്തിങ്കൽ എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.